മോദിയുടെ എതിരാളികളുടെ എണ്ണം 41 ൽ നിന്ന് ആറിലേക്ക്; മത്സരം കടുക്കുമോ വാരാണസിയിൽ?

വാരാണസിയിൽ മൂന്നാം വട്ടം ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കുറി എതിരാളികൾ കുറവ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് അടക്കം ആറ് പേരാണ് മോദിക്കെതിരായി മത്സര രംഗത്തുള്ളത്. 2014 ൽ ഇതേ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ അടക്കം 41 പേരായിരുന്നു നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചത്. 2019 ൽ 26 പേർ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ചിരുന്നു. ഇവിടെ നിന്നാണ് ഇക്കുറി വെറും ഏഴ് പേർ മാത്രം മത്സരിക്കുന്ന തെരഞ്ഞെടുപ്പായി വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിയത്.
ആദ്യ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അരവിന്ദ് കെജ്രിവാളിനെ അപേക്ഷിച്ച് 3.72 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം മോദിക്കുണ്ടായിരുന്നു. അന്ന് മണ്ഡലത്തിൽ 56.37% പേർ മോദിക്കാണ് വോട്ട് ചെയ്തത്. 2019 ൽ തെരഞ്ഞെടുപ്പ് ചിത്രം മാറി. അന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ശാലിനി യാദവായിരുന്നു മോദിയുടെ എതിരാളി. ആ തെരഞ്ഞെടുപ്പിൽ 63.6% വോട്ട് നേടിയ മോദി തൻ്റെ ഭൂരിപക്ഷം 4.59 ലക്ഷമാക്കി ഉയർത്തിയിരുന്നു. മൂന്നാം വട്ടം പോരിന് ഇറങ്ങുമ്പോൾ മോദിയുടെ മുഖ്യ എതിരാളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായിയാണ്.
2014 ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിച്ച 19 പേരും 2019 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് പേരും സ്വതന്ത്രരായിരുന്നു. ഇക്കുറി 41 പേർ മത്സരിക്കാൻ പത്രിക നൽകിയിരുന്നെങ്കിലും സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ഏഴ് പേർക്ക് മാത്രമാണ് അന്തിമ പോരാട്ടത്തിൻ്റെ വാതിലുകൾ തുറന്നുകിട്ടിയത്. ഇതിലൊരാൾ പിന്നീട് പത്രിക പിൻവലിക്കുകയും ചെയ്തു. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസി വോട്ടെടുപ്പിലേക്ക് കടക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനവും നടക്കും.
Read Also: ഇൻഡോറിൽ ആരാധനാലയങ്ങളിലെ 437 ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെതിരെ എതിർപ്പുമായി മുസ്ലിം പ്രതിനിധികൾ
1991 ന് ശേഷം ഏഴ് വട്ടം വാരാണസിയിൽ ജയിച്ചത് ബി.ജെ.പിയാണ്. 2004 ൽ മാത്രമാണ് ബിജെപി മണ്ഡലത്തിൽ പരാജയപ്പെട്ടത്. കോൺഗ്രസിൻ്റെ രാജേഷ് കുമാർ മിശ്രയായിരുന്നു അന്ന് ഇവിടെ ജയിച്ചത്. 2009 ൽ മുരളി മനോഹർ ജോഷിയാണ് ബിജെപി സ്ഥാനാർത്ഥിയായി വാരാണസി തിരിച്ചുപിടിച്ചത്. മണ്ഡലത്തിൽ ഭൂരിഭാഗം വോട്ടർമാരും സവർണ ഹിന്ദുക്കളാണ്. ബ്രാഹ്മണർ, ജയ്‌സ്വാൾ തുടങ്ങിയ സമുദായങ്ങൾ കഴിഞ്ഞാൽ മണ്ഡലത്തിൽ സ്വാധീനമുള്ളത് മുസ്ലിങ്ങൾക്കും ഒബിസി വിഭാഗക്കാർക്കുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിരാളികൾ
അജയ് റായ്
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് 1.9 കോടിയുടെ ആസ്തിയുണ്ട്. ഭാര്യക്ക് 1.25 കോടിയുടെ ആസ്തിയുണ്ട്. അജയ് റായിക്കെതിരെ 18 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ നിന്ന് തന്നെയുള്ള വ്യക്തിയായ അജയ് റായ് 2009 ലും 2014 ലും 2019 ലും ഇവിടെ മത്സരിച്ച് തോറ്റിരുന്നു. എങ്കിലും ഇക്കുറി ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്നത് ഇദ്ദേഹത്തിന് പ്രതീക്ഷയാണ്. 53 കാരനായ ഇദ്ദേഹം അഞ്ച് വട്ടം എംഎൽഎയായിട്ടുണ്ട്. നാല് തവണയും കോലാസ്‌ല സീറ്റിലാണ് ജയിച്ചത്. ഒരിക്കൽ പിൻഡ്ര സീറ്റിലും ജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായാണ് മൂന്ന് വട്ടം ജയിച്ചത്. ഒരിക്കൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും ജയിച്ചു. പിൻഡ്ര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 2012 ലായിരുന്നു ഈ ജയം. കഴിഞ്ഞ ഓഗസ്റ്റിലാണ് കോൺഗ്രസ് റായിയെ യുപിയിൽ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്.
അതർ ജമാൽ ലാരി
ബിഎസ്‌പിക്ക് വേണ്ടി മത്സരിക്കുന്ന അതർ ജമാൽ ലാരി 70കാരനാണ്. 1.24 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനും ഭാര്യക്കുമായി ഉള്ളത്. ഒരു കേസിൽ ഇദ്ദേഹം പ്രതിയാണ്. സോഷ്യലിസ്റ്റായ ലാരി കൈത്തറി ഉടമയും വാരാണസിയിലെ സ്ഥിര താമസക്കാരനുമാണ്. 1960 കൾ മുതൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഡിഎവി കോളേജിൽ പഠനകാലത്ത് വിദ്യാർത്ഥി നേതാവായിരുന്നു. 1971 ലെ ഇൻ്റർകോളേജ് തെരഞ്ഞെടുപ്പിൽ ജയിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോയ നേതാവാണ്. 1977 ൽ ജനതാ പാർട്ടിയുടെ ഭാഗമായി പ്രതിഷേധങ്ങൾ നയിച്ചു. 1984 ൽ ആദ്യമായി വാരാണസിയിൽ അപ്‌ന ദൾ സ്ഥാനാർത്ഥിയായി മത്സരിച്ചു. 14.73% വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനമാണ് അന്ന് ലഭിച്ചത്. 2012 ൽ വാരാണസി സൗത്ത് നിയമസഭാ മണ്ഡലത്തിൽ ക്വാമി ഏക്‌താ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ചു. ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ മുഖ്‌താർ അൻസാരിയുടെ പാർട്ടിയായിരുന്നു ഇത്. അന്നും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 2022 നിയമസഭാ പോരാട്ടത്തിനിടെ എസ്‌പിക്ക് ഒപ്പം നിലകൊണ്ട ലാരി തെരഞ്ഞെടുപ്പിന് ശേഷം ബിഎസ്‌പിയിൽ ചേർന്നു.
കോലിസെട്ടി ശിവ കുമാർ
യുഗ തുളസി പാർട്ടി സ്ഥാനാർത്ഥിയായ കോലിസെട്ടി ശിവ കുമാറിന് 2.38 കോടിയുടെ ആസ്തിയുണ്ട്. ഭാര്യക്ക് 1.42 കോടിയുടെ ആസ്തിയുമുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം. മുൻപ് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗമായിരുന്നു. ഗോ സംരക്ഷണത്തിന് വേണ്ടി താൻ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്ന് പറയുന്ന ഇദ്ദേഹത്തിന് ഹൈദരാബാദിൽ മാത്രം മൂന്ന് ഗോശാലകളുണ്ട്. 1500 ഗോക്കളും ഈ ഗോശാലകളിലുണ്ട്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം മത്സരിക്കുന്നത്.
ഗഗൻ പ്രകാശ് യാദവ്
അപ്‌നാ ദൾ കമരവാദി പാർട്ടി സ്ഥാനാർത്ഥിയായ ഗഗൻ പ്രകാശ് യാദവ് അഞ്ച് കേസുകളിൽ പ്രതിയാണ്. 85 ലക്ഷം രൂപയുടെ ആസ്തി മാത്രമേ ഇദ്ദേഹത്തിനുള്ളൂ. ഭാര്യക്ക് 24 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ് പത്രികയിൽ പറയുന്നത്. പല്ലവി പട്ടേൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള അപ്നാ ദൾ പാർട്ടിയിൽ അംഗമാണ് ഇദ്ദേഹം. പല്ലവിയുടെ സഹോദരി അനുപ്രിയ നയിക്കുന്ന അപ്‌നാ ദൾ പാർട്ടി എൻഡിഎയുടെ ഭാഗമാണ്. സഹോദരൻ്റെ അപകട മരണത്തെ തുടർന്ന് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് പോലും ഇദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വാരാണസിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഭാട്ടിയ ഗ്രാമവാസിയാണ് ഇദ്ദേഹം. ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ദിനേഷ് കുമാർ യാദവ്
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ദിനേഷ് കുമാർ യാദവ് മത്സരിക്കുന്നത്. സിക്രോളിൽ നിന്ന് മൂന്ന് വട്ടം കോർപറേഷൻ കൗൺസിലറായി മത്സരിച്ച് ജയിച്ച ഇദ്ദേഹം കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. പത്രിക നൽകുന്നത് വരെ താൻ ബിജെപിയിലായിരുന്നു എന്നും അതിന് ശേഷം താൻ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിനേഷ് കുമാർ യാദവിൻ്റെ വാദം.
സഞ്ജയ് കുമാർ തിവാരി
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഞ്ജയ് കുമാർ തിവാരി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് താനെന്നാണ് ഇദ്ദേഹം പറയുന്നത്. ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകനായതിനാലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : All six candidates contesting Varanasi LS election against PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here