Advertisement

‘എല്ലാ കണ്ണും റഫായില്‍’, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ; പിന്തുണയുമായി കൂടുതൽ താരങ്ങൾ

May 29, 2024
Google News 2 minutes Read

റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീൻ സപ്പോർട്ട് ക്യാമ്പയിനിലാണ് ദുൽഖർ പങ്കാളിയായത്.

ദുൽഖറിനു പിന്നാലെ മലയാളത്തിലെ നിരവധി താരങ്ങളും ഇതേ ക്യാമ്പയിനിനൊപ്പം ചേർന്നു. ഭാവന, ബേസിൽ ജോസഫ്, കീർത്തി സുരേഷ്, പാർവതി, നിഖില വിമൽ, ഷെയിൻ നിഗം, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, സുപ്രിയ മേനോൻ, റിമ കല്ലിങ്കൽ, നൈല ഉഷ, അന്ന ബെൻ, തൻവി റാം, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, അശ്വതി ശ്രീകാന്ത് തുടങ്ങിയവരെല്ലാം പലസ്തീൻ അനുകൂല ക്യാമ്പയ്‌നിന്റെ ഭാഗമായി.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ബോളിവുഡ് താരങ്ങൾ കൂടി ക്യാമ്പയിൻ ഏറ്റുപിടിച്ചതോടെ ഇസ്രായേലിന്റെ റഫ ആക്രമണം കൂടുതൽ ചർച്ചയായി. പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, കരീന കപൂർ, വരുൺ ധവാൻ, സ്വര ഭാസ്‌കർ, സോനം കപൂർ, റിച്ച ഛദ്ദ, ദിയ മിർസ, ഫാത്തിമ സന ശൈഖ്, സെലീന ജെയ്റ്റ്‌ലി, കുനാൽ താക്കൂർ, നോറ ഫത്തേഹി, രാധിക ആപ്തെ.. ഇങ്ങനെ പോകുന്നു പലസ്തീന് ഐക്യദാർഢ്യവുമായെത്തിയ ബോളിവുഡിലെ താരനിര. തെന്നിന്ത്യയിൽനിന്ന് തൃഷ, സമാന്ത, രഷ്മിക മന്ഥാന ഉൾപ്പെടെയുള്ളവരും ശബ്ദമുയർത്തി.

പ്രതിഷേധം ഇപ്പോൾ ബോളിവുഡിലെ സൂപ്പർ താരങ്ങളിലും എത്തിനിൽക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യയിലെ സിനിമാ ലോകം പലസ്തീൻ വിഷയത്തിൽ ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നത്. കരീന കപൂർ, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, വരുൺ ധവാൻ, രഷ്മിക മന്ഥാന, സമാന്ത ഉൾപ്പെടെ വലിയൊരു താരനിര തന്നെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയിട്ടുണ്ട്.

ഇന്ന് ഇൻസ്റ്റാഗ്രാം സ്റ്റാറ്റസുമായി നടൻ ഷെയിന്‍ നിഗവും രംഗത്തെത്തി. കഫിയ ധരിച്ച ചിത്രത്തിന് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. പുതിയ സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷെയിന്‍ നിഗത്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

നേരത്തെ മലയാളത്തിലെയും മറ്റ് ഇൻഡസ്റ്ററികളിലെയും നിരവധി അഭിനേതാക്കൾ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി പലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണ് വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്‌പെയിനിന്റ പ്രതികരണം.

Story Highlights :Dulquer Salmaan Palestine Solidarity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here