Advertisement

തെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്

May 29, 2024
Google News 2 minutes Read

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ്. മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ ഇക്കുറി ആകെ നിർത്തിയത് 78 മുസ്ലിം സ്ഥാനാർത്ഥികളെയാണ്. 2019 ൽ ഇത് 115 ആയിരുന്നു. 2019 ൽ ആകെ 26 മുസ്ലിം സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഈ സ്ഥാനത്താണ് ഇത്തവണ വലിയ കുറവ് നേരിട്ടത്.

2019 ൽ ജയിച്ച മുസ്ലിം സ്ഥാനാർത്ഥികളിൽ നാല് പേർ വീതം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികളുടെ പ്രതിനിധികളായിരുന്നു. മൂന്ന് പേർ വീതം ബിഎസ്‌പി, എസ്‌പി പാർട്ടികളിൽ നിന്ന് ലോക്സഭയിലെത്തി. എൻസിപി, സിപിഎം അംഗങ്ങളായി ഓരോ മുസ്ലിം സ്ഥാനാർത്ഥികളും ജയിച്ചു. അസമിലെ എഐയുഡിഎഫ്, ലോക് ജനശക്തി പാസ്വാൻ, മുസ്ലിം ലീഗ്, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടികളിൽ നിന്നായിരുന്നു മറ്റ് മുസ്ലിം അംഗങ്ങൾ ജയിച്ചത്. ഇക്കുറി ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളുള്ളത് ബിഎസ്‌പിക്കാണ്, 35. അതിൽ 17 സ്ഥാനാർത്ഥികൾ ഉത്തർപ്രദേശിലും നാല് പേർ മധ്യപ്രദേശിലും മൂന്ന് വീതം ബിഹാർ, ദില്ലി എന്നിവിടങ്ങളിലും 2 സ്ഥാനാർത്ഥികൾ ഉത്തരാഖണ്ഡിലും ഓരോ സ്ഥാനാർത്ഥികൾ രാജസ്ഥാൻ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, തെലങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളിലുമാണ്.

Read Also: താക്കോല്‍ എവിടെ എന്ന് മോദി; പുരി ജഗന്നാഥ ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ രാഷട്രീയ ആയുധമാക്കി ബിജെപി

2019 ൽ 39 മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയ ബിഎസ്‌പിക്ക് മൂന്ന് പേരെ ജയിപ്പിക്കാൻ മാത്രമാണ് സാധിച്ചത്. ഇക്കുറി 35 പേരെ ബിഎസ്‌പി സ്ഥാനാർത്ഥികളാക്കി. സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരുന്നു മായാവതി അത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എങ്കിലും 2014 ൽ യുപിയിൽ 61 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച ഇടത്ത് നിന്നാണ് ബിഎസ്‌പി മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ പുറകോട്ട് പോയത്. 2014 ൽ പക്ഷെ ഒറ്റ മുസ്ലിം സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും ബിഎസ്‌പിക്ക് സാധിച്ചിരുന്നില്ല. അന്ന് രാജ്യത്താകെ 503 സീറ്റുകളിൽ മത്സരിച്ച ബിഎസ്‌പി ഇത്തവണ 424 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് 17 മുസ്ലിം സ്ഥാനാർത്ഥികളാണ് ബിഎസ്‌പിയിൽ നിന്ന് ഉത്തർപ്രദേശിൽ ജനവിധി തേടുന്നത്. ബി.ജെ.പിയെ സഹായിക്കാനും മുസ്ലിം വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കാനുമാണ് ബിഎസ്‌പിയുടെ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ സഖ്യം രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ രണ്ടാം സ്ഥാനത്താണ് കോൺഗ്രസ്, 19 പേർ. പശ്ചിമ ബംഗാളിൽ ആറും ആന്ധ്രയിലും അസമിലും ബിഹാറിലും യു.പിയിലും പണ്ട് വീതവും കർണാടക, കേരളം, ഒഡിഷ, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓരോ മുസ്ലിം സ്ഥാനാർത്ഥികളാണ് കോൺഗ്രസിനുള്ളത്. 2019 ൽ 34 മുസ്ലിം സ്ഥാനാർത്ഥികൾ കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടിയിരുന്നു. അതിൽ 10 പേർ പശ്ചിമ ബംഗാളിലും എട്ട് പേർ യുപിയിലുമായിരുന്നു, നാല് പേർ ജയിക്കുകയും ചെയ്തു. അതേസമയം 2019 ൽ മത്സരിച്ച 421 സീറ്റിനെ അപേക്ഷിച്ച് കോൺഗ്രസ് ഇത്തവണ 328 സീറ്റിൽ മാത്രമാണ് മത്സരിക്കുന്നത്. 2014ൽ 464 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 31 മുസ്ലിം സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും ഇവരിൽ മൂന്ന് പേർ മാത്രമാണ് വിജയിച്ചത്.

ഏറ്റവും കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ മൂന്നാം സ്ഥാനത്ത് സി.പി.എമ്മാണ്. പശ്ചിമ ബംഗാളിൽ അഞ്ചും കേരളത്തിൽ നാലും തെലങ്കാനയിൽ ഒരു സ്ഥാനാർത്ഥിയും അടക്കം ആകെ 10 മുസ്ലിം സ്ഥാനാർത്ഥികളാണ് സിപിഎമ്മിനുള്ളത്. 2019 ൽ സിപിഐയും സി.പി.എമ്മും 13 മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഇത് ഏഴ് പേർ പശ്ചിമ ബംഗാളിലും ഒരാൾ ലക്ഷദ്വീപിലും ഒരാൾ കേരളത്തിലുമായിരുന്നു. ഇവരിൽ കേരളത്തിലെ മുസ്ലിം സ്ഥാനാർത്ഥി എഎം ആരിഫ് മാത്രമാണ് ജയിച്ചത്. 2014 ൽ ഈ രണ്ട് പാർട്ടികൾക്കുമായി 17 മുസ്ലിം സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഇവരിൽ 2 പേരാണ് ജയിച്ചത്. ഇക്കുറി സിപിഐ എവിടെയും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നില്ല.

പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് തൃണമൂൽ കോൺഗ്രസാണ്. ഇവർ പശ്ചിമ ബംഗാളിൽ ഇത്തവണ ഏഴ് മുസ്ലിം സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. 2019 ൽ 13 മുസ്ലിം സ്ഥാനാർത്ഥികൾ ബംഗാൾ, ഒഡിഷ, ത്രിപുര, അസം, ബിഹാർ സംസ്ഥാനങ്ങളിലായി തൃണമൂലിന് ഉണ്ടായിരുന്നു. 2014 ൽ 24 മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച തൃണമൂലിന് മൂന്ന് പേരെ മാത്രമാണ് ജയിപ്പിക്കാൻ സാധിച്ചത്. എന്നാൽ തൃണമൂൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണവും കുറയുന്നുണ്ട്. 2014 ൽ 131 സീറ്റിൽ മത്സരിച്ച തൃണമൂൽ, 2019 ൽ 62 ഇടത്തും ഇത്തവണ 48 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

Read Also: മോദിയുടെ എതിരാളികളുടെ എണ്ണം 41 ൽ നിന്ന് ആറിലേക്ക്; മത്സരം കടുക്കുമോ വാരാണസിയിൽ?

യുപിയിൽ മുസ്ലിം വിഭാഗത്തിൻ്റെ വലിയ പിന്തുണയുള്ള സമാജ്‌വാദി പാർട്ടി പക്ഷെ വെറും നാല് മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. 2019 നെ അപേക്ഷിച്ച് ഇത് നേർ പകുതിയാണ്. 2014 ൽ, എസ്‌പിക്ക് 39 മുസ്ലിം സ്ഥാനാർത്ഥികളുണ്ടായിരുന്നു. 2014 ൽ 197 സീറ്റിൽ മത്സരിച്ച എസ്‌പിക്ക് 2019 ൽ 49 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ഇക്കുറി എസ്‌‌പിയുടെ മുസ്ലിം സ്ഥാനാർത്ഥികളിൽ മൂന്ന് പേർ യു.പിയിലാണ് ജനവിധി തേടുന്നത്. സിറ്റിങ് എംപി എസ്‌ടി ഹസ്സന് ഇക്കുറി സീറ്റ് നിഷേധിക്കുകയും ചെയ്തു. ഇവിടെ ഹിന്ദു സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്.

ബിഹാറിൽ 2014 ൽ ആറും 2019 ൽ അഞ്ചും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച ആർജെഡി ഇത്തവണ രണ്ട് മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമാണ് രംഗത്തിറക്കിയത്. 2019 ൽ മഹാസഖ്യത്തിൻ്റെ ഭാഗമായി 19 സീറ്റുകളിൽ സംസ്ഥാനത്ത് മത്സരിച്ച ആർജെഡി സഖ്യത്തിൻ്റെ രൂപം മാറി ഇന്ത്യ സഖ്യമായപ്പോൾ 23 സീറ്റുകളിൽ ഇക്കുറി മത്സരിക്കുന്നുണ്ട്. എൻസിപിയും എൻസിപി ശരദ് പവാർ വിഭാഗവും ഓരോ മുസ്ലിം സ്ഥാനാർത്ഥികളെ മഹാരാഷ്ട്രയിൽ മത്സരിപ്പിച്ചു.

Story Highlights : The number of Muslim candidates in the Lok Sabha elections in 2024 has decreased significantly.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here