Advertisement

താക്കോല്‍ എവിടെ എന്ന് മോദി; പുരി ജഗന്നാഥ ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ രാഷട്രീയ ആയുധമാക്കി ബിജെപി

May 29, 2024
Google News 2 minutes Read

ഒഡിഷ നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ആത്മവിശ്വാസവുമായി മുന്നോട്ട് പോകുന്ന ബിജെപി പ്രധാന വിഷയമായി ഉന്നയിക്കുന്നത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വർണ നിക്ഷേപം സംബന്ധിച്ച വിവാദം. നിധി സംരക്ഷിക്കുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അടക്കമുള്ളവർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നൽകുന്നത്. സംസ്ഥാനം ഭരിക്കുന്ന ബിജെഡിക്കും നവീൻ പട്‌നായിക്കിനും വിവാദം ചില്ലറ തലവേദനയല്ല ഉണ്ടാക്കുന്നത്.

12ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് പുരി ജഗന്നാഥ ക്ഷേത്രമെന്നാണ് വിശ്വാസം. ഇവിടേക്ക് ഭക്തരും രാജാക്കന്‍മാരും നൂറ്റാണ്ടുകളായി കാണിക്ക വെച്ച സ്വർണാഭരണങ്ങൾ സംബന്ധിച്ചുള്ളതാണ് വിവാദം. ക്ഷേത്രത്തിന് അകത്ത് രണ്ട് അറകളിലായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ബിടാർ ഭണ്ഡാർ എന്ന അകത്തെ അറയും ബഹര ഭണ്ഡാർ എന്ന പുറത്തെ അറയുമാണ് വലിയ സ്വർണ നിക്ഷേപങ്ങളുള്ള രണ്ട് അറകൾ.

ക്ഷേത്രത്തിൽ ഓരോ വർഷവും നടത്തുന്ന രഥ യാത്രയുടെ ഭാഗമായി പുറത്തെ അറ തുറന്ന് ആഭരണങ്ങൾ പുറത്തെടുത്ത് ഇവ പ്രതിഷ്‌ഠകളിൽ അണിയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ 38 വർഷത്തിനിടെ ഒരിക്കൽ പോലും അകത്തെ അറ തുറന്നിട്ടില്ല. ഏറ്റവുമൊടുവിൽ രത്നങ്ങളും സ്വർണങ്ങളുമായി അറയിലെ നിക്ഷേപത്തിൻ്റെ കണക്കെടുത്തത് 1978 മെയ് 13 നും ജൂലൈ 23 നും ഇടയിലാണ്. 1985 ജൂലൈ 14 ന് അറ തുറന്നെങ്കിലും അതിനകത്തുള്ള സാധനങ്ങൾ എത്രയുണ്ടെന്ന് വിലയിരുത്തിയില്ല.

Read Also: ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

2018 ൽ നിയമസഭയിൽ നൽകിയ മറുപടിയിൽ സർക്കാർ 1978 ലെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. 12831 ഭാരി (ഒരു ഭാരി = 11.66 ഗ്രാം) സ്വർണാഭരണങ്ങളും രത്നക്കല്ലുകളും 22153 ഭാരി വെള്ളി പാത്രങ്ങളും അറകളിലുണ്ട് എന്നായിരുന്നു ആ കണക്ക്. ഇതിന് പുറമെ മറ്റ് നിരവധി സാധനങ്ങളും അറകളിലുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഏപ്രിൽ നാലിന് സർക്കാർ അറ തുറന്ന് പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അറകളുടെ താക്കോൽ കാണാതെ പോയതിനാൽ സാധിച്ചിരുന്നില്ല. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് അറയ്ക്ക് പുറത്ത് നിന്ന് പരിശോധന നടത്തി മടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് താക്കോൽ കാണാനില്ലെന്ന വിവരം പുറത്തായത്. ഇത് സംസ്ഥാനത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പുരി ജില്ലാ കളക്ടറാണ് ക്ഷേത്രത്തിലെ ഈ അറകളുടെ താക്കോൽ സൂക്ഷിക്കുന്നത്. സംഭവം വിവാദമായതോടെ 2018 ജൂൺ നാലിന് മുഖ്യമന്ത്രി നവീൻ പട്‌‌നായിക് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. രത്ന ഭണ്ഡാരത്തിൻ്റെ താക്കോലുകളുടെ പകർപ്പ് എന്ന പേരിൽ ഒരു താക്കോൽ കളക്ട്രേറ്റിലെ റെക്കോർഡ് റൂമിൽ നിന്ന് കിട്ടിയെന്ന് പിന്നീട് കളക്ടർ പ്രതികരിച്ചിരുന്നു. 2018 നവംബർ 29 ന് ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതിലെ വിശദ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ക്ഷേത്ര കമ്മിറ്റി തൃപ്തരായിരുന്നില്ല. 2024 രഥ യാത്ര സമയത്ത് ഭണ്ഡാരങ്ങൾ രണ്ടും തുറക്കണമെന്നാണ് ആവശ്യം.

സംഭവത്തിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സമീർ മൊഹന്തി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകിയിരുന്നു. പുരിയിലെ നിധി കുടുംബം തുറന്ന് പരിശോധിച്ച് അളവ് കൃത്യമായി രേഖപ്പെടുത്താൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. 2024 മാർച്ച് മാസത്തിൽ ഇതിനായി സംസ്ഥാന സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷവും വിവാദം കെട്ടടങ്ങിയിട്ടില്ല.

Read Also: വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

മെയ് 11 ന് തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ നവീൻ പട്‌നായിക് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് രംഗത്ത് വന്നത്. എങ്ങനെയാണ് ഡൂപ്ലിക്കേറ്റ് കീ കിട്ടിയതെന്നും രാത്രികാലത്ത് ആരെങ്കിലും ഡൂപ്ലികേറ്റ് കീ ഉപയോഗിച്ച് അറകൾ തുറന്നോയെന്നും അദ്ദേഹം ചോദിച്ചു. പുരി ക്ഷേത്രത്തിൽ നിന്ന് സ്വർണവും രത്നവുമെല്ലാം ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയെന്ന് സംശയം ഉന്നയിച്ച പ്രധാനമന്ത്രി ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം താക്കോൽ കാണാതായതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് അധികാരത്തിലെത്തിയാൽ ആറ് ദിവസത്തിനുള്ളിൽ പുറത്ത് വിടുമെന്നായിരുന്നു അമിത് ഷായുടെ ഉറപ്പ്. ബിജു ജനതാദൾ നിർണായക സ്വാധീന ശക്തിയായ ഒഡിഷയിൽ ആകെ ജനസംഖ്യയുടെ 90% ഹിന്ദുക്കളാണ്. ഈ വോട്ട് ബാങ്കലാണ് ബിജെപിയുടെയും കണ്ണ്. അതിനാലാണ് വിശ്വാസ പ്രശ്നത്തിന്റെ വേരിൽ തന്നെ ബിജെപി പിടിച്ചതും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ഭണ്ഡാരി അറയുടെ താക്കോൽ കാണാതെ പോയ സംഭവത്തിൽ ജനം രോഷാകുലരാണ്. പുരി രാജകുടുംബാംഗം ദിബ്യസിംഗ ദേബും അറകൾ തുറന്ന് ആഭരണം പരിശോദധിക്കമമെന്ന ആവശ്യവുമായി രംഗത്തുണ്ട്. തന്ത്രങ്ങൾ ഫലിച്ചാൽ ഒഡിഷയിൽ ബിജെപി അധികാരം പിടിക്കാനും സാധ്യതയേറെ.

Story Highlights : Puri Jagannatha temple missing keys haunting Naveen Patnaik again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here