പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രജ്വൽ രേവണ്ണ തിരിച്ചെത്തി; കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം

ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലര്‍ച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
നേരത്തേ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രജ്വല്‍ രേവണ്ണ അറിയിച്ചിരുന്നു.
Story Highlights : Prajwal Revanna arrested by SIT in sexual abuse case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here