സ്പെഷ്യൽ മാര്യേജ് ആക്ട് വഴി രജിസ്റ്റർ ചെയ്താലും ഹിന്ദു യുവതിയുടെയും മുസ്ലിം യുവാവിൻ്റെയും വിവാഹം അസാധുവായിരിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

മുസ്ലിം വ്യക്തി നിയമപ്രകാരം ഹിന്ദു യുവതിയുടെയും മുസ്ലിം യുവാവിൻ്റെയും വിവാഹം അസാധുവായിരിക്കുമെന്ന വിചിത്ര നിരീക്ഷണവുമായി മധ്യപ്രദേശ് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട്, 1954 അനുസരിച്ച് മിശ്രവിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവാവും യുവതിയും നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഒരു മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായാലും മുസ്ലീം വ്യക്തിനിയമപ്രകാരം ക്രമവിരുദ്ധമായ (ഫാസിദ്) വിവാഹമായി കണക്കാക്കുമെന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു.
ഹൈക്കോടതിയുടെ മെയ് 27ലെ ഉത്തരവിൽ പറയുന്നതിങ്ങനെ, “മുഹമ്മദൻ നിയമമനുസരിച്ച്, വിഗ്രഹാരാധകയായ അല്ലെങ്കിൽ അഗ്നിയെ ആരാധിക്കുന്ന ഒരു സ്തീയുമായി നടത്തുന്ന മുസ്ലീം പുരുഷൻ്റെ വിവാഹം അസാധുവാണ്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്താലും, ആ വിവാഹത്തിന് സാധുതയുണ്ടായിരിക്കില്ല, അത് ക്രമവിരുദ്ധമായ (ഫാസിദ്) വിവാഹമായിരിക്കും.”
Read Also: വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം ഫണ്ട് തിരിമറി; മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
യുവാവിനെ വിവാഹം ചെയ്യുന്നതിനായി യുവതി വീട്ടിൽനിന്നും സ്വർണ്ണം മോഷ്ടിച്ചതായി വീട്ടുകാർ ആരോപണമുന്നയിച്ചിരുന്നു. ജീവനിൽ ഭീഷണിയുള്ളതിനാലാണ് ഇരുവരും തങ്ങളുടെ അഭിഭാഷകൻ ദിനേഷ് കുമാർ ഉപാധ്യയുടെ സഹായത്തോടെ കോടതിയെ സമീപിച്ചത്. വിവാഹിതരാകുന്നതിന് വേണ്ടി മതം മാറുന്നതിന് ഇരുവർക്കും സമ്മതമല്ലെന്നും ഉപാധ്യായ കോടതിയെ അറിയിച്ചിരുന്നു. വ്യക്തിനിയമപ്രകാരം ഇരുവരും തമ്മിലുള്ള വിവാഹം അസാധുവായിരിക്കുമെങ്കിലും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സാധുത ലഭിക്കുമെന്ന് ഉപാധ്യായ വാദിച്ചു.
എന്നാൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം വ്യക്തിനിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുള്ള വിവാഹത്തെ നിയമവിധേയമാക്കില്ലെന്നും കക്ഷികൾ നിരോധിത ബന്ധത്തിലല്ലെങ്കിൽ മാത്രമേ വിവാഹം നടത്താൻ സാധിക്കൂ എന്ന് സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 4 വ്യവസ്ഥ ചെയ്യുന്നതായി ഹൈക്കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാൻ ഇരുവരും തയ്യാറല്ലെന്നും യുവാവിൻ്റെ മതത്തിലേക്ക് മാറാൻ യുവതി തയ്യാറല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
Story Highlights : Justice Gurpal Singh Ahluwalia said that a marriage between a Muslim man and a Hindu woman is invalid under Muslim personal law even if they married under the Special Marriage Act.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here