പ്രജ്ജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തത് രണ്ട് വനിതാ IPS ഉദ്യോഗസ്ഥർ; കൊണ്ടുപോയത് വനിതാ പോലീസ് മാത്രമുള്ള ജീപ്പിൽ

ജർമനിയിലെ മ്യൂണിക്കിൽ നിന്ന് മടങ്ങിയെത്തിയ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റ് ചെയ്തത് ഐപിഎസ് ഉദ്യോഗസ്ഥമാരുടെ നേതൃത്വത്തിൽ. ഐപിഎസ് ഓഫീസർമാരായ സുമൻ ഡി പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രജ്ജ്വൽ രേവണ്ണയെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
വനിതാ പൊലീസുകാരും ബെംഗളൂരു വിമാനത്താവളത്തിൽ വിന്യസിച്ചിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള ജീപ്പിലാണ് പ്രജ്ജ്വൽ രേവണ്ണയെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയത്. പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ വനിതാ ഓഫീസർമാരെ അയച്ചത് ബോധപൂർവമായിരുന്നുവെന്നും സ്ത്രീകളെ ചൂഷണം ചെയ്യാൻ അധികാരം ഉപയോഗിച്ച പ്രജ്ജ്വലിനെ എല്ലാ നിയമനടപടികളിലൂടെയും അറസ്റ്റ് ചെയ്യാൻ അതേ സ്ത്രീകൾക്ക് അധികാരമുണ്ടെന്ന സന്ദേശം നൽകാനാണ് ഇത്തരത്തിൽ ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്ജ്വൽ ബെംഗളൂരു വിമാനത്താവളത്തി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ലുഫ്താൻസ വിമാനത്തിലായിരുന്നു പ്രജ്ജ്വൽ മടങ്ങിയെത്തിയത്. ലൈംഗിക അതിക്രമ പരാതിയിൽ ആരോപണ വിധേയനായ പ്രജ്വൽ രേവണ്ണ നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിന് കാത്തുനിൽക്കാതെ അർദ്ധരാത്രിയിൽ ബെംഗളൂരുവിൽ മടങ്ങിയെത്തിയ പ്രജ്ജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also:ജെഎസ് സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
ലൈംഗിക അതിക്രമ പരാതി ഉയർന്നതിന് പിന്നാലെ ഏപ്രിൽ 26 നാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നത്. പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ.
Story Highlights :Women IPS officers execute Prajwal Revanna’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here