ഡൽഹിയിൽ കെജ്രിവാളിനെ വേട്ടയാടുന്നുവെന്ന ആരോപണം ബിജെപി തരംഗത്തെ തടയില്ലെന്ന് എക്സിറ്റ് പോൾ ഫലം; ബിജെപി മുഴുവൻ സീറ്റും തൂത്തുവാരുമെന്ന് പ്രവചനങ്ങൾ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടിയല്ലെന്നും ആം ആദ്മി പാർട്ടി സംവിധാനവും ഇന്ത്യ മുന്നണിയും കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തതെന്നുമായിരുന്നു പ്രതിപക്ഷ കൂട്ടായ്മയുടെ കണക്കുകൂട്ടൽ. എന്നാൽ ഇതിനെ അട്ടിമറിയ്ക്കുന്ന ഫലങ്ങളാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഡൽഹി ബിജെപി തൂത്തുവാരുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. (Exit poll survey results 2024 Loksabha election delhi updates)
ബിജെപി ഏഴിൽ ഏഴ് സീറ്റും നേടുമെന്നാണ് പിഎംഎആർക്യു സർവെ പ്രവചിക്കുന്നതെങ്കിൽ ഇന്ത്യ സഖ്യത്തിന് വെറും ഒരു സീറ്റും ബിജെപിയ്ക്ക് ആറ് സീറ്റുമാണ് ആക്സിസ് മൈ ഇന്ത്യ സർവെ പ്രവചിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലും എഎപി നാലുസീറ്റുകളിലും ബിജെപി ഏഴ് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കെജ്രിവാൾ പറഞ്ഞതുപോലെ ഒരു തരംഗവും ഡൽഹിയിൽ എഎപിയ്ക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
Read Also: Exit Poll 2024: മോദിക്ക് മൂന്നാമൂഴം; 150 കടക്കാതെ ഇന്ത്യാ മുന്നണി
ഇന്ത്യ ടുഡേ സർവെ പ്രകാരം 54 ശതമാനം വോട്ടുകളും ബിജെപി നേടുമ്പോൾ എഎപിയുടെ വോട്ടുവിഹിതം 25 ശതമാനവും കോൺഗ്രസിന്റേത് 19 ശതമാനവുമാണ്. ടുഡേസ് ചാണക്യ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിയ്ക്കും ഒരു സീറ്റ് ഇന്ത്യ മുന്നണിയ്ക്കും പ്രവചിക്കുന്നുണ്ട്. ടൈംസ് നൗവും പോൾസ്ട്രാറ്റും ബിജെപിയ്ക്ക് പ്രവചിക്കുന്നത് ഏഴ് സീറ്റുകളും ഇന്ത്യ മുന്നണിയ്ക്ക് പൂജ്യം സീറ്റുമാണ്. കുറച്ച് വ്യത്യസ്തമായ ഫലമുണ്ടായിരിക്കുന്നത് സി വോട്ടർ സർവെയിലാണ്. എൻഡിഎയ്ക്ക് അവർ നാല് മുതൽ ആറ് സീറ്റുകളും ഇന്ത്യ സഖ്യത്തിന് ഒന്ന് മുതൽ മൂന്ന് സീറ്റുകളും പ്രവചിക്കുന്നുണ്ട്.
2019ൽ എല്ലാ സീറ്റുകളും ഡൽഹിയിൽ ബിജെപി തൂത്തുവാരിയിരുന്നു. ഈ ട്രെൻഡിനെ ഇളക്കുന്ന വിധത്തിലുള്ള നിർണായക സംഭവമാകാൻ കെജ്രിവാളിന്റെ അറസ്റ്റിനും രാഷ്ട്രീയമായ വേട്ടയാടലെന്ന ആരോപണത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ തെളിയിക്കുന്നത്. ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി പാലിച്ച സൂക്ഷ്മത ബിജെപിയെ തുണയ്ക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 56.8 ശതമാനം വോട്ടുകളായിരുന്നു 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി നേടിയിരുന്നത്.
Story Highlights : Exit poll survey results 2024 Loksabha election delhi updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here