യുപി തൂത്തുവാരി എന്‍ഡിഎ; 74 സീറ്റ് വരെ പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമുള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 80 സീറ്റുകളില്‍ 68 മുതല്‍ 71 വരെ സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 12 സീറ്റുകള്‍ വരെ മാത്രമാണ് ലഭിക്കാന്‍ സാധ്യത. റിപ്പബ്ലിക് പി എംമാര്‍ക്ക് സര്‍വേ പ്രകാരം എന്‍ഡിഎ 69 സീറ്റ് നേടുമ്പോള്‍ ഇന്ത്യാ മുന്നണിക്ക് ലഭിക്കുക എട്ട് സീറ്റുകളാണ്.(Exit polls predicting up to 74 seats for NDA in Uttar Pradesh)
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക് സര്‍വേ പ്രകാരം 69 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോള്‍ പതിനൊന്ന് സീറ്റുകളാണ് ഇന്ത്യാ മുന്നണി നേടുക. ന്യൂസ് നേഷന്‍ എന്‍ഡിഎയ്ക്ക് 67 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ 13 സീറ്റുകളാണ് പ്രതിപക്ഷ സഖ്യത്തിന് സാധ്യത.
നരേന്ദ്രമോദി തുടര്‍ച്ചയായ മൂന്നാം തവണ മത്സരിക്കുന്ന വാരാണസിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമടങ്ങുന്ന താരമണ്ഡലങ്ങളാണ് സംസ്ഥാനത്തെ മുഖ്യ ആകര്‍ഷണം. 80 സീറ്റുകളില്‍ 62 ഉം നേടിയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രകടനം.
ന്യൂസ് 18 സര്‍വേയില്‍ 64 മുതല്‍ 67 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന് 68 മുതല്‍ 71 സീറ്റ് വരെയാണ് പ്രവചനം. ഇന്ത്യാ മുന്നണി 9 മുതല്‍ 12 വരെ സീറ്റുകള്‍ നേടും. എന്‍ഡിടിവി-ജന്‍കി ബാത്ത് സര്‍വേ പ്രകാരം 68-74 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോള്‍ പന്ത്രണ്ട് മുതല്‍ 16 വരെ സീറ്റുകള്‍ ഇന്ത്യാ മുന്നണിക്ക് ലഭിക്കും.
Read Also: Exit Poll 2024: മോദിക്ക് മൂന്നാമൂഴം; 150 കടക്കാതെ ഇന്ത്യാ മുന്നണി
ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ ഫലം ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്ക് നല്‍കുന്ന പിന്തുണയാണ് മൂന്നാമൂഴത്തിലും മോദിക്ക് ഗുണകരമാകുന്നത്. 2019ല്‍ നിന്ന് എന്‍ഡിഎ യുപിയില്‍ മെച്ചപ്പെടുമെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബിജെപിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനിന്ന ബിഎസ്പിയ്ക്ക് 0 സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 62 സീറ്റും ബിഎസ്പി 10 സീറ്റും എസ്പി 5 സീറ്റും എഡിഎസ് 2 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമാണ് നേടാനായത്.
Story Highlights : Exit polls predicting up to 74 seats for NDA in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here