ലോക്സഭാ തെരഞ്ഞെടുപ്പ് ഫൈനലിലേക്ക്; ട്വന്റിഫോർ പോൾ ഓഫ് പോൾസ് വൈകിട്ട് ആറ് മണി മുതൽ

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കണ്ണുംനട്ട് രാജ്യം. എൻഡിഎയും ഇന്ത്യാസഖ്യവും വിജയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോളുകളുടെ സമഗ്രചിത്രവുമായി ട്വന്റിഫോർ പോൾ ഓഫ് പോൾസ് വൈകിട്ട് ആറ് മണി മുതൽ. വോട്ടെണ്ണലിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ചൊവ്വാഴ്ചയാണ് രാജ്യം കാത്തിരിക്കുന്ന വിധിദിനം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വിധിയെഴുത്ത് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അവസനഘട്ട് പോളിങ് കഴിയുന്നതോടുകൂടി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന് തുടങ്ങും. പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് വോട്ടർമാരോട് അഭിപ്രായം തേടിയും വോട്ടർ ഡാറ്റയുമായി ബന്ധപ്പെട്ട മറ്റ് കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലാണ് എക്സിറ്റ് പോളുകൾ എത്തുന്നത്.
വലിയൊരു വിഭാഗം യഥാർത്ഥ ഫലങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം എക്സിറ്റ് പോളുകൾക്കും നൽകുന്നുണ്ട്. സാധാരണയായി, എക്‌സിറ്റ് പോളുകൾ വോട്ടിംഗിൻ്റെ അവസാന ദിവസം പുറത്തുവിടാറുണ്ട്. ഒരു വലിയ സാമ്പിളിങ് പ്രക്രിയയാണ് എക്സിറ്റ് പോൾ. 20,000 മുതൽ 30,000 വരെയുള്ള ആളുകെ സാമ്പിളായി ഉപയോഗിക്കുന്ന ഏജൻസികളും 10 ലക്ഷത്തോളം സാമ്പിളുകൾ ഉപയോഗിച്ച് എക്‌സിറ്റ് പോൾ നടത്തുന്ന സർവേ ഏജൻസികൾ ഇന്നുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോൾ പ്രവചിച്ചത്. എന്നാൽ 353 സീറ്റുകൾ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടിയപ്പോൾ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടി. കോൺഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഏകദേശം 257-340 സീറ്റുകൾ നേടുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, എൻഡിഎ 336 സീറ്റുകൾ നേടി.
1996ൽ രാജ്യത്തുടനീളം എക്സിറ്റ് പോൾ നടത്തുന്നതിനായി സർക്കാരിന്റെ തന്നെ ദൂരദർശൻ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)നെ നിയമിച്ചു. പിന്നീടിങ്ങോട്ട് വിവിധ ചാനലുകളുമായി ചേർന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുക.ഇന്ത്യയിൽ പ്രമുഖ വാർത്താ ചാനലുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന എക്‌സിറ്റ്‌പോൾ ഏജൻസികൾ ആണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുന്നത്.
Story Highlights : Lok Sabha Election 2024 Twenty-four poll of polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here