24 അതിരപ്പിള്ളി റിപ്പോർട്ടറുടെ അറസ്റ്റ് പൊലീസ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിന്റെ അറസ്റ്റിൽ പൊലീസിന്റെ കള്ളക്കളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റ് മറച്ചുവെച്ചത് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണവും ഫോൺ രേഖയും ട്വന്റിഫോറിന് ലഭിച്ചു. രാത്രി 12 മണിക്ക് മുൻപ് വീട്ടിൽ നിന്ന് റൂബിനെ കസ്റ്റഡിയിൽ എടുത്ത ശേഷം വിവരം ബന്ധുവിനെ അറിയിച്ചത് 2.30 നാണ്. റൂബിനെ അപ്പോഴാണ് കൊണ്ടുവന്നതെന്നും ശബ്ദരേഖയിൽ ജിഡി ചാർജിലുണ്ടായിരുന്ന രജനി ജോസഫ് പറയുന്നു. അറസ്റ്റ് ചെയ്ത കാര്യം എന്തുകൊണ്ട് അമ്മയെ ധരിപ്പിച്ചില്ലെന്ന് ചോദിച്ചതോടെ വനിതാ ഉദ്യോഗസ്ഥ ഫോൺ കട്ട് ചെയ്തു.
അതോടൊപ്പം സി.ഐയുടെ നിർദേശപ്രകാരം സ്റ്റേഷൻ ഫോണിന്റെ പ്രവർത്തനവും തകരാറിലാക്കിയതിന്റെ തെളിവുകൾ പുറത്തുവന്നു. സി ഐ ആഡ്രിക് ഗ്രോമിക് നിർദേശിച്ചത് അനുസരിച്ചാണ് സ്റ്റേഷൻ ഫോണിൻറെ പ്രവർത്തനം തകരാറിലാക്കിയത്.
അതേസമയം ട്വന്റിഫോർ അതിരപ്പള്ളി റിപ്പോർട്ടർ റൂബിൻ ലാലിന്റെ അറസ്റ്റിൽ വീഴ്ച സമ്മതിച്ചുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നു. അറസ്റ്റിനുള്ള മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിർത്തിയതും വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആൻഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂർ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ആൻഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിഐക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിനായി എഎസ്പിയെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി കെ സേതുമാധവന്റേതാണ് ഉത്തരവ്. റൂബിൻ ലാലിന്റെ അറസ്റ്റിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു.
Story Highlights : Phone call out Athirappilly 24 reporter case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here