Advertisement

മോദിയുടെ ധ്യാനത്തെ ട്രോളി വാരണാസിയിൽ നിന്ന് മത്സരിക്കാൻ കഴിയാത്ത ഹാസ്യനടൻ ശ്യാം രംഗീല

June 1, 2024
Google News 4 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ വാരണാസിയിൽ പത്രിക നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പക്ഷെ അതൊന്നും മിമിക്രി കലാകാരനും സ്റ്റാൻഡപ്പ് കൊമേഡിയനുമായ ശ്യാം രംഗീലയക്ക് ‘ധ്യാനത്തിലിരിക്കുന്നതിന്’ തടസ്സമായില്ല. മോദി കന്യാകുമാരിയിൽ എത്തിയതുമുതലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് കാവിയണിഞ്ഞ് കണ്ണുകളടച്ച് മോദിയുടെ ശബ്ദം അനുകരിച്ച് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ശ്യാം രംഗീല തയ്യാറാക്കിയത്.

Read Also: Exit Poll 2024: മോദിക്ക്‌ മൂന്നാമൂഴം; 150 കടക്കാതെ ഇന്ത്യാ മുന്നണി

ഹിന്ദിയിലുള്ള വീഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്, “പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്ന് കണ്ണുതുറന്നുപിടിച്ച് നിങ്ങളോട് സംവദിക്കാൻ എനിക്ക് സാധിക്കുകയില്ല. നിങ്ങൾക്ക് ആശ്ചര്യമുണ്ടാകും. പക്ഷെ നിങ്ങൾ അറിഞ്ഞുകാണും മോദി ധ്യാനത്തിലാണ്. കണ്ണുകൾ തുറന്ന് ധ്യാനത്തിന് ഭംഗം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ മാധ്യമശ്രദ്ധ, ക്ഷമിക്കണം ധ്യാനത്തിനിരിക്കാൻ പോവുകയാണ് എന്ന പറഞ്ഞപ്പോൾ ചിലർക്ക് വലിയ വയറുവേദനയുണ്ടായി. എന്തിനാണ് മോദി പോകുന്നത്? മോദി പോകുമ്പോൾ ക്യാമറയും ഒപ്പം കൊണ്ടുപോകുന്നുണ്ട്. പ്രിയരെ, ചുറ്റും ക്യാമറയുണ്ടായിരുന്നിട്ട് കൂടി അങ്ങോട്ട് നോക്കാൻ കഴിയാത്തതിൻ്റെ വേദന അവർ അനുഭവിക്കുന്നതിലും അധികമാണ്. ഈ ധ്യാനത്തിൻ്റെ ആവശ്യകത എന്തായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നുണ്ടായിരുന്നു. എനിക്കു തന്നെ അറിയില്ല ഈ റാലികളിൽ ഞാൻ എന്താണ് പറഞ്ഞതെന്ന്. വായിൽ നിന്ന് തെറ്റായ എന്തെങ്കിലും വീണുപോയെങ്കിൽ അതിൽ പശ്ചാത്തപിച്ച് പരിഹാരക്രിയ നടത്താമെന്ന് ചിലർ നിർദ്ദേശിച്ചു. പുരാതന ഋഷിവര്യന്മാരുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഈ ബന്ധങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് പ്രകാരം എത്ര വലിയ പാപം ചെയ്താലും, ആരെയൊക്കെ അധിക്ഷേപിച്ചാലും, മോശം ഭാഷ ഉപയോഗിച്ചാലും, നിങ്ങൾ പ്രായശ്ചിത്തം ചെയ്താൽ, ഏകാഗ്രതയോടെ ധ്യാനിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ഞാൻ ഗംഗാ മാതാവിൻ്റെ ദത്തുപുത്രനാണ്. ജൂൺ നാലിന് ശേഷം ധ്യാനത്തിനിരിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞതാണ്. നിലവിലെ അവസ്ഥ കണക്കിലെടുത്ത് നാലിന് മുമ്പേ ധ്യാനത്തിനു പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ നിത്യകാലം ധ്യാനത്തിലിരിക്കാൻ എല്ലാ സാധ്യതയുമുണ്ടെന്നാണ് അവർ പറഞ്ഞത്. അതിനാൽ എനിക്കിത് നേരത്തേ ചെയ്യേണ്ടി വന്നു. ചുറ്റുമുള്ള ക്യാമറാമാൻമാർ ശബ്ദമുണ്ടാക്കാതെ എന്നെ ധ്യാനിക്കാൻ അനുവദിച്ചുകൊണ്ട് വേണം വീഡിയോ പകർത്താൻ.”

ശ്യാം രംഗീല മെയ് 31നാണ് തൻ്റെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. വളരെപ്പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി. 45 മണിക്കൂര്‍ നീണ്ട ധ്യാനം മെയ് 30നാണു മോദി തുടങ്ങിയത്. വിവേകാനന്ദ പാറയിലെ ധ്യാനമണ്ഡപത്തില്‍ നിരാഹാരം വൃതം അനുഷ്ഠിച്ചായിരുന്നു ധ്യാനം.ജൂൺ ഒന്നിന് കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് മടങ്ങി. ഒന്നിന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോൾ നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കമാണിതെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. മോദിയുടെ കന്യാകുമാരിയിലെ ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച പരാതിയിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Shyam Rangeela, a mimic artist and stand-up comedian who could not contest from Varanasi imitated Modi’s meditation in a 3-minute 49-second video.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here