Advertisement

എന്തുകൊണ്ടാണ് നരേന്ദ്ര മോദി ധ്യാനത്തിന് വിവേകാനന്ദപ്പാറ തിരഞ്ഞെടുത്തത് ?

June 1, 2024
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും. ജൂൺ ഒന്നിന് ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് മോദി കന്യാകുമാരിയിലെത്തിയത്. തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് മോദി ഇത്തരം സന്ദർശനങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. 2019ൽ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ 15 മണിക്കൂർ ഏകാന്തവാസം അനുഷ്ഠിച്ചു. 2014ൽ ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രതാപ്‌ഗഢിലെത്തി. തെരഞ്ഞെടുപ്പ് കാലത്തെ ഈ സന്ദർശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

ഏറെ ചരിത്രപ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ഭൂമിയാണ് കന്യാകുമാരി. ഇന്ത്യൻ മഹാസമുദ്രത്തിവും അറബിക്കടലും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന ഇന്ത്യയുടെ തെക്കേ അറ്റത്താണ് കന്യാകുമാരി. ഇവിടെനിന്നും 500 മീറ്റർ മാറി സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞൻദ്വീപാണ് വിവേകാനന്ദപ്പാറ. നാല് വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ശേഷമാണ് സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിലെത്തുന്നത്. കടലിന് നടുവിലെ പാറയിലേക്ക് നീന്തിയാണ് അദ്ദേഹമെത്തിയത്. മൂന്നു പകലും മൂന്നു രാവും പാറക്കൂട്ടത്തിൽ ധ്യാനനിരതനായി ബോധോദയം പ്രാപിച്ചതായിട്ടാണ് അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ വിശ്വസിക്കുന്നത്.

Read Also: ‘രണ്ട് നരേന്ദ്രന്മാർ…’; മോദിയെയും സ്വാമി വിവേകാനന്ദനെയും താരതമ്യം ചെയ്ത് ഒ രാജഗോപാല്‍

ധ്യാനത്തിനു ശേഷം സ്വാമി വിവേകാനന്ദൻ സ്വാമി രാമകൃഷ്ണാനന്ദയ്ക്ക് ഇപ്രകാരമെഴുതി, “കന്യാകുമാരിയിലെ കുമാരി ക്ഷേത്രത്തിൽ, ഇന്ത്യയിലെ അവസാനത്തെ പാറയിൽ ഇരിക്കുമ്പോഴാണ് എൻ്റെ ഉള്ളിൽ ഈ ചിന്ത വന്നത്. നമ്മൾ സന്യാസിമാർ അലഞ്ഞുതിരിയുന്നതും ജനത്തെ വേദാന്തം പഠിപ്പിക്കുന്നതും എല്ലാം ശുദ്ധഭ്രാന്താണ്. നമ്മുടെ ഗുരുദേവൻ പറഞ്ഞിട്ടില്ലെ ഒഴിഞ്ഞവയർ മതത്തിന് നല്ലതല്ല.ഇവിടുത്ത ദരിദ്രജനം മൃഗതുല്യമായ ജീവിതം നയിക്കുന്നത് അജ്ഞതമൂലമാണ്. കാലങ്ങളായി നാം അവരുടെ രക്തമൂറ്റിക്കുടിച്ച് ചവിട്ടിമെതിക്കുന്നു.” (ദ സോഷ്യൽ റോൾ ഓഫ് ഗീത, 1993, എസ് പി അഗർവാൾ)

ആർഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന ഏക്‌നാഥ് റനഡെ ആണ് കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം നിർമ്മിക്കുന്നതിന് മുൻകയ്യെടുത്തത്. മോദിയുടെ ഗുരു കൂടിയാണ് റനഡെ. വിവേകാനന്ദപ്പാറയിലെ സ്മാരകം 1970ൽ പ്രസിഡൻ്റായിരുന്ന വിവി ഗിരിയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
നരേന്ദ്ര മോദി റോൾ മോഡലായി കണക്കാക്കുന്ന വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച് രാമകൃഷ്ണ മിഷനിൽ ദീർഘകാലം മോദദി പ്രവർത്തിച്ചിരുന്നു. രാമകൃഷണമിഷൻ്റെ 125-ം വാർഷികാഘോഷ വേളയിൽ മോദി പറഞ്ഞത് ഇപ്രകാരമാണ്, “സ്വാമി വിവേകാനന്ദന് ഇന്ത്യയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ പൂർത്തിയാക്കാൻ രാജ്യം ശ്രമിക്കുന്നത് അദ്ദേഹം അഭിമാനത്തോടെ വീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്.”

Read Also: ‘വിവേകാനന്ദപ്പാറയിലെ തപസിന് ശേഷം താൻ ദൈവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞാലും അത്ഭുതമില്ല’: എം വി ഗോവിന്ദൻ

2024ൽ മാത്രം ഏഴുതവണയാണ് മോദി തമിഴ്നാട്ടിലെത്തിയത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ ധ്യാനിക്കാൻ മോദി തിരഞ്ഞെടുത്തത് ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാനാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 131 ലോക്‌സഭാ സീറ്റുകളാണുള്ളത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 39 സീറ്റുകളാണുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയരുമെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടിരുന്നു. സീറ്റ്, വോട്ട് വിഹിതത്തിൽ വലിയ കുതിച്ചുചാട്ടം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടാകുമെന്നായിരുന്നു പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശമുന്നയിച്ചു. ജൂൺ ഒന്നിന് ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൻ്റെ ഫലം നാലിന് പ്രഖ്യാപിക്കും.

Story Highlights : Why Narendra Modi chose vivekananda rock for meditation?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here