അമേരിക്കയില്‍ ഇന്ത്യക്ക് ആദ്യ ജയം; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 60 റണ്‍സിന്, പന്തിന് അര്‍ധ സെഞ്ച്വറി

ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിലും അര്‍ഷ്ദീപ് സിങിന്റെ രണ്ട് വിക്കറ്റ് അടക്കം ഇന്ത്യയുടെ ആറ് ബോളര്‍മാരും വിക്കറ്റെടുത്ത ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് വിജയിച്ചു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചിലായിരുന്നു ടി20 ലോക കപ്പിന് മുന്നോടിയായുള്ള മത്സരം. ടോസ് നേടി ആദ്യം ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറി നേടി. 32 ബോളില്‍ നിന്ന് 53 റണ്‍സുമായി പന്ത് ശിവംദുബെക്ക് വഴി മാറി. നാല് സിക്‌സും നാല് ഫോറും അടിച്ച പന്ത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹര്‍ദിക് പാണ്ഡ്യ. 23 ബോളില്‍ നാല് സിക്‌സും രണ്ട് ഫോറുമായി 40 തികച്ച് ഔട്ടാകാതെ നിന്നു. 18 ബോളില്‍ നിന്ന് 23 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും തിളങ്ങി. ഒരു സിക്‌സും രണ്ട് ഫോറും അടക്കം 19 ബോളില്‍ നിന്ന് 23 റണ്‍സുമായി രോഹിത്ശര്‍മ്മയുടെ പ്രകടനവും മോശമായില്ല.
Read Also: സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 183; അവസരം മുതലാക്കാതെ സജ്ഞു; പന്തിന് അര്‍ധ സെഞ്ച്വറി
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 28 ബോളില്‍ നിന്ന് 40 റണ്‍സ് എടുത്ത മഹ്മുദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷാക്കിബ് അല്‍ ഹസന്‍ 28 റണ്‍സെടുത്തു. ഒരു റണ്‍സ് പോലുമില്ലാതെ സൗമ്യ സര്‍ക്കാരും നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ജേക്കര്‍ അലിയും ആറ് റണ്‍സുമായി ലിറ്റണ്‍ ദാസ്, ഒരു റണ്‍സുമായി തന്‍സിം ഹസന്‍ ഷാകിബ്, രണ്ട് റണ്‍സുമായി മെഹദി ഹസന്‍, അഞ്ച് റണ്‍സുമായി റിന്‍ഷാദ് ഹുസൈന്‍ എന്നിവര്‍ ബംഗ്ലാദേശ് നിരയില്‍ നിരാശ സമ്മാനിച്ചു. 17 എടുത്ത തന്‍സിദ് ഹസന്‍, 13 അടിച്ച തൗഹിദ് ഹൃദോയ് എന്നിവര്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് സംഭാവന ചെയ്തു.
രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന് മടങ്ങേണ്ടി വന്നപ്പോള്‍ തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് പന്തും രോഹിത് ശര്‍മ്മയും ചേര്‍ന്ന് കളിയുടെ താളം വീണ്ടെടുത്തു. സജ്ഞുവിന്റെ പുറത്താകലില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി. ബോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സന്നാഹ മത്സരങ്ങള്‍ക്ക് റിവ്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിന് പിന്നാലെ എത്തിയ പന്ത് അവസരം നന്നായി മുതലെടുത്തു. ഇതേ മൈതാനത്താണ് ടി20 ലോക കപ്പിലെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും നടക്കുന്നത്. സന്നാഹ മത്സരത്തില്‍ വിജയിക്കാനായത് ടീമിന് കൂടുതല്‍ കരുത്താകും. അഞ്ചിനാണ് ടീം ഇന്ത്യ ടി20 മത്സരത്തിനായി ഇറങ്ങുക. കാനഡയാണ് എതിരാളികള്‍.
Story Highlights : Inida wins warm up match against Bengladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here