മണിക്കൂറുകൾക്കകലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; നിമിഷങ്ങളെണ്ണി കാത്തിരിപ്പ്

ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വിധത്തിൽ ഇന്ത്യ നടത്തിയ അദ്ഭുത സമാനമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലപ്രഖ്യാപനം നാളെ നടക്കും. രാജ്യത്തെ 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ പ്രധാനമായും രാജ്യം ഭരിക്കുന്ന എൻഡിഎ മുന്നണിയും എതിരാളികളായ ഇന്ത്യ മുന്നണിയും തമ്മിലുള്ള പോരാട്ടമായിരുന്നു. തുടർച്ചയായ മൂന്നാം തവണ രാജ്യഭരണം ലക്ഷ്യം വച്ച ബിജെപി 400 സീറ്റിലേക്ക് മുന്നേറുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത്തവണ അധികാരത്തിൽ നിന്ന് മോദിയെ താഴെയിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം പോരിനിറങ്ങിയത്. ഏറ്റവുമൊടുവിൽ 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ സഖ്യം പറയുമ്പോൾ, എക്സിറ്റ് പോളുകൾ എല്ലാം ഒരേ സ്വരത്തിൽ മൂന്നാം വട്ടം മോദി സർക്കാർ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് പ്രക്രിയ നടന്നത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ മെയ് 13 നും സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ 19 നും നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. കഴിഞ്ഞ തവണ 303 സീറ്റ് നേടി ബി.ജെ.പിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയത്. അന്ന് കോൺഗ്രസിന് 52 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.
രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ ജനവിധി തേടിയ 2019 ൽ കേരളത്തിൽ 19 സീറ്റിലും ജയിച്ചത് യു.ഡി.എഫിന് വലിയ നേട്ടമായിരുന്നു. ഇത് ഇക്കുറിയും ആവർത്തിക്കാൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോളുകൾ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് പറയുന്നെങ്കിലും പലയിടത്തും തിരിച്ചടി പ്രവചിക്കുന്നു. എന്നാൽ ഇടതുമുന്നണിക്ക് നെഞ്ചിടിപ്പ് ഉയർത്തുന്നതായിരുന്നു പല പ്രവചനങ്ങളും.
രാജ്യത്ത് 140 കോടിയിലേറെ ജനസംഖ്യയുണ്ടെങ്കിലും പ്രായപൂർത്തി വോട്ടവകാശം നേടിയ 97 കോടി പേരായിരുന്നു വോട്ടർമാരായി ഉണ്ടായിരുന്നത്. ഇവരിൽ 61.2 കോടി പേരാണ് ഇത്തവണ വോട്ടെടുപ്പിൽ പങ്കാളികളായത്. ഇതിൽ തന്നെ 31.2 കോടി പേർ സ്ത്രീകളായിരുന്നു. ഒന്നര കോടിയിലേറെ പോളിങ്-സുരക്ഷാ ഉദ്യോഗസ്ഥരാണ് രാജ്യത്തിൻ്റെ മുക്കിലും മൂലയിലുമെത്തി ഇത്തവണ വോട്ടെടുപ്പ് സാധ്യമാക്കിയത്. വയോധികർക്ക് വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്താനാവുന്ന സൗകര്യം ഇക്കുറി ആദ്യമായാണ് ഒരുക്കിയത്.
Story Highlights : The country is now eagerly waiting to know who will form the government at the Centre.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here