Advertisement

റൂബിന്‍ ലാലിനെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധം ശക്തം; ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മാര്‍ച്ച്

June 3, 2024
Google News 3 minutes Read
March to Athirappilly police station in case against Roobin lal

ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് ഗ്രോമികിന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും.(March to Athirappilly police station- Roobin lal’s arrest)

റൂബിനെ കള്ളക്കേസില്‍ കുടുക്കിയത് സേനയ്ക്ക് തന്നെ നാണക്കേടാകുന്ന നടപടിയാണ് സി ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സി ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നത്. ചാലക്കുടി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി വിഭാഗത്തില്‍പെട്ടവരും പങ്കെടുക്കും.

റൂബിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മാനദണ്ഡം പാലിച്ചില്ലെന്നും വിവസ്ത്രനാക്കി നിര്‍ത്തിയത് വീഴ്ചയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ പ്രതിച്ഛായ സിഐ ആന്‍ഡ്രിക് ഗ്രോമിക്ക് മോശമാക്കിയെന്നും തൃശൂര്‍ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ആന്‍ഡ്രിക് ഗ്രോമിക്കിന്റേത് കടുത്ത ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനംവകുപ്പിന്റെയും പൊലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസി ഊരുകളിലും പ്രതിഷേധം നടന്നിരുന്നു. കാല്‍നടയായി മാത്രം എത്താവുന്ന ഉള്‍വനത്തിലെ വീന്‍കുടി ഊരില്‍ പ്രതിഷേധവുമായി മുഴുവന്‍ പേരും രംഗത്തിറങ്ങി. പ്രസ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡി എഫ് ഒ ഓഫീസിലേക്കും മാര്‍ച്ച് നടത്തി.

Read Also: ‘പാര്‍ട്ടിയ്ക്ക് വേണ്ടി ത്യാഗം ചെയ്ത് ഭര്‍ത്താവ് മരിച്ചുപോയി, മക്കളേ ആകെയുള്ളൂ’; മകനെതിരായ കള്ളക്കേസിനെതിരെ റൂബിന്‍ ലാലിന്റെ മാതാവ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

അതിരപ്പള്ളി പത്താറില്‍ വാഹനം ഇടിച്ച് പരിക്കേറ്റ് റോഡരികില്‍ കിടന്ന കാട്ടുപന്നിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയാണ് റൂബിനെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പന്നി കിടക്കുന്നത് വനഭൂമിയില്‍ ആണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിന്റെ ഫോണ്‍ തട്ടിമാറ്റുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജാക്‌സന്റെ നേതൃത്വത്തില്‍ ആയിരുന്നു അതിക്രമം. ഈ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച വനമന്ത്രി എ കെ ശശീന്ദ്രന്‍ സിസിഎഫിന് അന്വേഷണ ചുമതലയും നല്‍കി.ഇതിനുപിന്നാലെ മന്ത്രിയുടെ അന്വേഷണം അട്ടിമറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിരപ്പിള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ വ്യാജപരാതിയില്‍ അതിരപ്പിള്ളി പൊലീസ് റൂബിനെ അര്‍ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights : March to Athirappilly police station in case against Roobin lal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here