Advertisement

പപ്പുവ ന്യൂ ഗ്വിനിയക്ക് മുമ്പില്‍ വിറച്ച് ജയിച്ച് വിന്‍ഡീസ്

June 3, 2024
Google News 3 minutes Read

വിജയത്തോടെ തുടങ്ങിയെങ്കിലും ടി20 ലോക കപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ ശരിക്കും വിറപ്പിച്ചു പപ്പുവ ന്യൂ ഗ്വിനിയ. ചെറിയ സ്‌കോറുകള്‍ക്ക് പേരുകേട്ട ഗയാനയിലെ പ്രൊവിഡിന്‍സ് സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂ ഗ്വിനിയ എട്ട് വിക്കറ്റ് നല്‍കി 136 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒരോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

നാല് ഫോറും രണ്ട് സിക്‌സുകളുമായി പുറത്താകാതെ നിന്ന റോസ്റ്റന്‍ ചേസിന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. 27 പന്തില്‍ 42 റണ്‍സാണ് ചേസ് നേടിയത്. ആന്‍ഡ്രേ റസലും പുറത്താകാതെ ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സോടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ നന്നായി വിറപ്പിച്ചാണ് കുഞ്ഞന്മാരായ ന്യൂ ഗ്വിനിയ തോറ്റത്.

Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്

അഭിനന്ദനര്‍ഹമായ പ്രകടനമാണ് ന്യൂ ഗ്വിനിയയുടെ ബൗളിങ് നിര കാഴ്ച്ച വെച്ചത്. പരിചയസമ്പന്നരായ വെസ്റ്റ് ഇന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഗ്വിനിയന്‍ ബൗളിങ് സംഘം പുരാനെ ശരിക്കും നോട്ടമിട്ടു. ഗ്വിനിയക്ക് 150ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അട്ടിമറി ജയം നേടാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പപ്പുവ ന്യൂ ഗ്വിനിയക്ക് തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ടോണി ഔറ രണ്ട് റണ്‍സുമായി പുറത്തായി. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ ക്യാച്ചെടുക്കുകയായിരുന്നു.

ഏക റണ്‍ നല്‍കി ലീഗ സിയാക്ക അക്കീല്‍ ഹൊസീന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡ് ആയി. എന്നാല്‍ അമ്പത് റണ്‍സുമായി സിസി ബാവുവും 21 റണ്‍സുമായി നായകന്‍ ആസദ് വാലയും ചേര്‍ന്ന് പപ്പുവ ന്യൂ ഗ്വിനിയയുടെ സ്‌കോര്‍ ഉയര്‍ത്തി.

Read Also: 1983 ലോകകപ്പ്, 2007 T20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ICC Champions Trophy കോൺഗ്രസ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം: ചിത്രം പങ്കുവച്ച് ഷാഫി പറമ്പിൽ

22 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം നടത്തിയ ആസദ് വാലയെ അല്‍സാരി ജോസഫ് പുറത്താക്കി. റോസ്റ്റന്‍ ചേസിന്റെ സുന്ദരമായ ക്യാച്ചിലായിരുന്നു അസദിന്റെ മടക്കം. ഗ്വിനിയന്‍ മധ്യനിരയില്‍ ആര്‍ക്കും തന്നെ കാര്യമായ പ്രകടനം നടത്താനായില്ല. ആറ് ബോള്‍ നേരിട്ട ഹിറി ഹിറി വെറും രണ്ട് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കിപിലിന്‍ ഡൊറിക 27 റണ്‍സുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്ന് മൂന്ന് ഫോറുകള്‍ അദ്ദേഹം കണ്ടെത്തി. ചാഡ് സോപര്‍ പത്ത് റണ്‍സ് നേടി മടങ്ങിയപ്പോള്‍ അലെയ് നാവോ റണ്‍സൊന്നുമില്ലാതെ റണ്ണൗട്ടായി.

സിസി ബാവുവിന്റെ പ്രകടനം തന്നെയാണ് 136 എന്ന സ്‌കോറിലേക്ക് ന്യൂ ഗ്വിനിയയെ എത്തിച്ചത്. 43 പന്തില്‍ ആറ് ഫാറും ഒരു സിക്സുമാണ് ബാവു നേടിയത്. വെസ്റ്റ് ഇന്‍ഡീസിനായി ആന്‍ഡ്രേ റസലും അല്‍സാരി ജോസഫും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അക്കീല്‍ ഹൊസീന്‍, റൊമാരിയോ ഷിഫേര്‍ഡ്, ഗുഡകേഷ് മോട്ടി എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം നേടാനാവുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങള്‍ കടുപ്പമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സ് ഗോള്‍ഡന്‍ ഡെക്കായി.

Read Also: കിവീസിനെ പറത്തി ‘കങ്കാരുപ്പട’; ഓസ്‌ട്രേലിയക്ക് ആദ്യ T20 കിരീടം

അലെയ് നാവോ ജോണ്‍സണെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്സ്മാന്‍ നിക്കോളാസ് പുരാനും കാര്യമായൊന്നും ചെയ്യാനായില്ല. ആദ്യ സമയത്ത് റണ്‍സ് കണ്ടെത്താനാവാതെ താരം പ്രയാസപ്പെട്ടു.

പപ്പുവ ന്യൂ ഗ്വിനിയ റിവ്യൂ ചെയ്യാത്തതിനാല്‍ ഡെക്കില്‍ നിന്ന് രക്ഷപെട്ട പുരാന്‍ 27 പന്തില്‍ 27 റണ്‍സാണ് നേടിയത്. പിന്നാലെ ബ്രണ്ടന്‍ കിങ്ങും മടങ്ങി. 29 പന്തില്‍ 7 ഫോറടക്കം 34 റണ്‍സാണ് ബ്രണ്ടന്‍ കിങ് നേടിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പപ്പുവ ന്യൂ ഗ്വിനിയ വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കി. നായകന്‍ റോവ്മാന്‍ പവല്‍ 15 റണ്‍സില്‍ മടങ്ങിയപ്പോള്‍ ഷെര്‍ഫെയന്‍ റൂതര്‍ഫോര്‍ഡും (2) നിരാശപ്പെടുത്തി. ഇതോടെ 5ന് 97 എന്ന നിലയിലേക്ക് വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നു.

എന്നാല്‍ ആന്‍ഡ്രേ റസലും റോസ്റ്റന്‍ ചേസും ചേര്‍ന്ന് തല്ലിത്തകര്‍ത്തതോടെ വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലേക്കെത്തുകയായിരുന്നു. കരുത്തുകാട്ടി ജയിക്കാമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷിച്ചതെങ്കിലും അതിവേഗത്തില്‍ ജയം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നതാണ് പഠിച്ച പാഠം.

Story Highlights : West Indies vs Papua New Guinea T20 World Cup 2024 Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here