Advertisement

മൂന്നാമൂഴത്തില്‍ വീഴുമോ മോദി? അട്ടിമറി പ്രതീക്ഷയില്‍ പ്രതിപക്ഷം

June 4, 2024
Google News 3 minutes Read
INDIA block expecting a coup victory Loksabha election vote counting

ജനാധിപത്യത്തിന്റെ ഉത്സവത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. മോദി സര്‍ക്കാരിന് മൂന്നാം ഊഴം ഉറപ്പിക്കാമോ അതോ പ്രതിപക്ഷം പ്രതീക്ഷിക്കുന്ന രീതിയില്‍ അട്ടിമറി സംഭവിക്കുമോ എന്നറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി. രാവിലെ 9 മണിയോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും.(INDIA block expecting a coup victory Loksabha election vote counting)

രാജ്യത്തെ 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയ പ്രധാനമായും രാജ്യം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയും എതിരാളികളായ ഇന്ത്യ മുന്നണിയും തമ്മിലുള്ള പോരാട്ടമായിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണ രാജ്യഭരണം ലക്ഷ്യം വച്ച ബിജെപി 400 സീറ്റിലേക്ക് മുന്നേറുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ അധികാരത്തില്‍ നിന്ന് മോദിയെ താഴെയിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം പോരിനിറങ്ങിയത്. ഏറ്റവുമൊടുവില്‍ 295 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ സഖ്യം പറയുമ്പോള്‍, എക്സിറ്റ് പോളുകള്‍ എല്ലാം ഒരേ സ്വരത്തില്‍ മൂന്നാം വട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് പ്രക്രിയ നടന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മെയ് 13 നും സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രില്‍ 19 നും നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. കഴിഞ്ഞ തവണ 303 സീറ്റ് നേടി ബി.ജെ.പിയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. അന്ന് കോണ്‍ഗ്രസിന് 52 സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.

രാഹുല്‍ ഗാന്ധി ആദ്യമായി വയനാട്ടില്‍ ജനവിധി തേടിയ 2019 ല്‍ കേരളത്തില്‍ 19 സീറ്റിലും ജയിച്ചത് യു.ഡി.എഫിന് വലിയ നേട്ടമായിരുന്നു. ഇത് ഇക്കുറിയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോളുകള്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് പറയുന്നെങ്കിലും പലയിടത്തും തിരിച്ചടി പ്രവചിക്കുന്നു. എന്നാല്‍ ഇടതുമുന്നണിക്ക് നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു പല പ്രവചനങ്ങളും.

രാജ്യത്ത് 140 കോടിയിലേറെ ജനസംഖ്യയുണ്ടെങ്കിലും പ്രായപൂര്‍ത്തി വോട്ടവകാശം നേടിയ 97 കോടി പേരായിരുന്നു വോട്ടര്‍മാരായി ഉണ്ടായിരുന്നത്. ഇവരില്‍ 61.2 കോടി പേരാണ് ഇത്തവണ വോട്ടെടുപ്പില്‍ പങ്കാളികളായത്. ഇതില്‍ തന്നെ 31.2 കോടി പേര്‍ സ്ത്രീകളായിരുന്നു. ഒന്നര കോടിയിലേറെ പോളിങ്-സുരക്ഷാ ഉദ്യോഗസ്ഥരാണ് രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തി ഇത്തവണ വോട്ടെടുപ്പ് സാധ്യമാക്കിയത്. വയോധികര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനാവുന്ന സൗകര്യം ഇക്കുറി ആദ്യമായാണ് ഒരുക്കിയത്.

Story Highlights : INDIA block expecting a coup victory Loksabha election vote counting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here