യോഗിയുടെ ധാർഷ്ഠ്യം മുതൽ കാര്യകർത്താക്കളുടെ അലംഭാവം വരെ; വാരാണസിയിൽ മോദിക്ക് അടിപതറിയതിൻ്റെ കാരണങ്ങൾ

യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് എൻഡിഎ മുന്നണിക്കുണ്ടായത്. അമേഠി തിരിച്ചുപിടിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ശർമ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാരാണസിയിൽ ലഭിച്ചതിലുമധികം ഭൂരിപക്ഷം നേടിയെന്നത് ബിജെപിയുടെ നാണക്കേടിൻ്റെ ആക്കം കൂട്ടുന്നു. എന്നാലും നരേന്ദ്ര മോദിയുടെ വിജയത്തിൻ്റെ നിറം മങ്ങിയതിൻ്റെ കാരണമാണ് ബിജെപി ഇപ്പോൾ തേടുന്നതെന്ന് സംഘപരിവാർ അനുകൂല ഇംഗ്ലീഷ് മാധ്യമം സ്വരാജ്യ റിപ്പോർട്ട് ചെയ്യുന്നു.
വാരാണസിയിൽ നരേന്ദ്ര മോദിയുടെ വിജയം സുനിശ്ചിതമായിരുന്നു. കാശിയുടെ ഇന്നത്തെ രൂപമാറ്റത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മോദിയാണ് കാരണക്കാരൻ എന്നാണ് വാഴ്ത്തലുകൾ. എന്നാൽ വോട്ടെടുപ്പ് നടന്നപ്പോൾ നരേന്ദ്രമോദിക്ക് മണ്ഡലത്തിൽ 1.52 ലക്ഷം വോട്ട് ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. 6.12 ലക്ഷം വോട്ട് നരേന്ദ്ര മോദി നേടിയപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് 4.6 ലക്ഷം വോട്ട് നേടി.
Read Also: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി; സുരേഷ് ഗോപി ക്യാബിനറ്റ് പദവി ഉറപ്പിച്ചെന്ന് സൂചന
2014 ൽ മണ്ഡലത്തിൽ ആദ്യമായി മത്സരിച്ചപ്പോൾ 3.72 ലക്ഷം വോട്ട് ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടത്. 2019 ൽ 63.6 ശതമാനം വോട്ട് നേടിയ അദ്ദേഹം 673453 വോട്ടായിരുന്നു നേടിയത്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അജയ് റായിക്ക് 1.52 ലക്ഷം വോട്ടായിരുന്നു ലഭിച്ചത്. എന്നാൽ 2024 ൽ 2019 ൽ ലഭിച്ച വോട്ടിലേക്ക് ഭൂരിപക്ഷം താഴ്ത്താൻ അജയ് റായിക്ക് സാധിച്ചു. പോളിങ്ങിലെ കുറവ്, വോട്ടർമാരും ബിജെപി പ്രവർത്തകരും തമ്മിൽ പ്രചാരണത്തിലുണ്ടായ കുറവ് തുടങ്ങിയ കാരണങ്ങളെല്ലാം ഭൂരിപക്ഷം കുറഞ്ഞതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വാരാണസിക്ക് കീഴിലെ പല നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് വർധിച്ചിട്ടുണ്ട്.
വാരാണസി വികസന പദ്ധതികളുടെ ഗുണഫലം ഏറെ ലഭിച്ച ഘാട്ടുകളും ക്ഷേത്രങ്ങളും നിറഞ്ഞുനിൽക്കുന്ന സൗത്ത് വാരാണസിയിൽ മാത്രം നരേന്ദ്ര മോദിയുടെ വോട്ട് ഭൂരിപക്ഷം 60000 ത്തിൽ നിന്ന് 16000ത്തിലേക്ക് താഴ്ന്നു. സമാജ്‌വാദി പാർട്ടിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിച്ചതാണ് കാരണമെന്ന് പറഞ്ഞാലും ഇരുവരും ഒറ്റയ്ക്ക് മത്സരിച്ച 2019 ൽ പോലും ഇരു സ്ഥാനാർത്ഥികൾക്കുമായി ഇത്രയും വോട്ട് ലഭിച്ചിരുന്നില്ല.
ബൈതാൽപുറിൽ പെട്രോളിയം സംവിധാനങ്ങൾ വികസിപ്പിച്ചത്, ഊർജ്ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, കെട്ടിടങ്ങൾ, റോഡ് വികസനം, റോഡ് നന്നാക്കൽ, പൊലീസുകാർക്കായി ബഹുനില കെട്ടിടങ്ങൾ, ആരോഗ്യമേഖലയിൽ വികസന പദ്ധതികൾ, മരുന്ന് സംഭരണ കേന്ദ്രം, ആരോഗ്യ പ്രവർത്തകർക്കുള്ള അടിസ്ഥാന സൗകര്യ വികസനം, വാരാണസി-ബദോഹി ഹൈവേ വികസനം, മിർസാപുറിലേക്കുള്ള നാല് വരിപ്പാത, വാരാണസി റിങ് റോഡ്, വാരാണസി-മിർസാപുർ ഹൈവേ, വാരാണസിയിൽ നിർമ്മിച്ച മേൽപ്പാലങ്ങൾ തുടങ്ങി അനേകം പദ്ധതികൾക്ക് വാരാണസിയിലെ ജനം ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നരേന്ദ്ര മോദിയെ പുകഴ്ത്തുന്നുണ്ട്. ഇതിനോടൊപ്പം വാരാണസി റോപ്‌വേ, കാൻസർ ചികിത്സാ കേന്ദ്രം, മറ്റ് സൗകര്യങ്ങളും പരിഗണിക്കണം.
ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടും വാരാണസിയിൽ മോദിക്ക് വോട്ട് ചെയ്ത പലരും ഇക്കുറി വോട്ട് കോൺഗ്രസിന് നൽകിയെന്ന് വ്യക്തം. ‘ഹമാർ കാശി, ഹമാർ മോദി’ എന്ന പരസ്യ വാചകവുമായാണ് വാരാണസിയിൽ ഇത്തവണ ബിജെപി പ്രചാരണത്തിന് ഇറങ്ങിയത്. മറുവശത്ത് കോൺഗ്രസിൽ നിന്ന് എസ്‌പിയിലേക്കും ബി.ജെ.പിയിലേക്കും കൂറുമാറി വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയ അജയ് റായ് വീണ്ടും മത്സരിക്കുന്ന സാഹചര്യമായിരുന്നു. നാട്ടുകാരൻ എന്ന നിലയിൽ ‘കാശി കി റായ്’, എന്ന പ്രചാരണ വാക്യമാണ് കോൺഗ്രസ് അജയ് റായിക്ക് വേണ്ടി തിരഞ്ഞെടുത്തത്. നാട്ടുകാരിൽ ഒരുവനായി അജയ് റായിയെ വിശേഷിപ്പിച്ച ഇന്ത്യ സഖ്യത്തിൻ്റെ ബുദ്ധിയിലൂടെ സിറ്റിങ് എം.പിയും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ വരത്തനായി ചിത്രീകരിക്കുന്നതിലും ഇത് വോട്ടർമാർക്കിടയിൽ ആഴത്തിൽ പറഞ്ഞുറപ്പിക്കുന്നതിലും പ്രതിപക്ഷ പാർട്ടികൾ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. തൻ്റെ പ്രസംഗങ്ങളിൽ കാശിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ നരേന്ദ്ര മോദി പ്രശംസിച്ചപ്പോൾ പരാജയപ്പെട്ട ഗംഗാ ശുചീകരണമടക്കം ഉയർത്തി പ്രതിപക്ഷ സഖ്യം അതിനെ നേരിട്ടു.
Read Also: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
വാരാണസിയിലേക്ക് വലിയ തോതിൽ തീർത്ഥാടകരെ എത്തിക്കുന്നതിൽ കാശി- വിശ്വനാഥ് ഇടനാഴി വിജയിച്ചെങ്കിലും ഇതിനെ പ്രാദേശിക തലത്തിൽ ജനവിരുദ്ധ പദ്ധതിയായി വിമർശിച്ച് ജനവികാരം അനുകൂലമാക്കുന്നതിലും പ്രതിപക്ഷം നേട്ടമുണ്ടാക്കി. പ്രാദേശികമായി സാധാരണക്കാരുടെ പ്രയാസങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിൽ മോദിയുടെ നേട്ടങ്ങളെ വിമർശനാത്മകമായി തിരിച്ചടിച്ച ബുദ്ധിയാണ് നേട്ടമുണ്ടാക്കിയതിലെ പ്രധാന കാരണം. ഇത്തവണ വാരാണസിയിലുണ്ടായ വോട്ട് ഇടിവ് എസ്‌പി-കോൺഗ്രസ് സഖ്യത്തിൻ്റെ സംയോജിത വോട്ട് മാത്രമല്ലെന്നും അതിലുമേറെയാണെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നുണ്ട്. കാലങ്ങളായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുന്ന ശീലം മോദിക്കില്ല. അതിനാൽ തന്നെ വാരാണസിയിൽ പ്രാദേശികമായി ഇന്ത്യ സഖ്യം വിമർശനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചപ്പോൾ അതിനെ അവഗണിച്ച എൻഡിഎയ്ക്ക് തിരിച്ചടിയേറ്റു.
മണ്ഡലത്തിൽ കേന്ദ്ര സർക്കാരിൻ്റെ പാവങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ വിശദീകരിച്ചായിരുന്നു മോദിയുടെ പ്രചാരണം. ഈ പദ്ധതികൾ പാഴ്വാക്കുകളാണെന്നും താഴേത്തട്ടിൽ ജനത്തിന് ഗുണഫലം ലഭിക്കുന്നില്ലെന്നുമായിരുന്നു കോൺഗ്രസ് വിമർശനം. മോദി കൊണ്ടുവന്ന പദ്ധതികളിൽ നേട്ടം കൊയ്തത് അദ്ദേഹത്തിൻ്റെ ഗുജറാത്തി സുഹൃത്തുക്കളാണ് എന്നതായിരുന്നു മറ്റോരു ആരോപണം. മോദിയുടെ വാരാണസിയിലെ പദ്ധതികൾ ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണം മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ദില്ലിയിലും ബിഹാറിലും തുണച്ചപ്പോൾ വാരാണസിയിൽ തിരിച്ചടി നേരിട്ടത് ദുഃഖത്തോടെയാണ് ബിജെപി നേതാക്കൾ നോക്കിക്കാണുന്നത്. ഈ തിരിച്ചടിക്ക് യോഗി ആദിത്യനാഥ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ കൂടി കാരണമായെന്നും ബിജെപി വിലയിരുത്തുന്നു. ഉത്തർപ്രദേശിലെ തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച, പുതിയ തൊഴിലവസരങ്ങളുടെ അഭാവം തുടങ്ങിയവ യുവജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ മോദിക്ക് ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്ന യുവജനങ്ങളുടെ വോട്ട് ഇന്ത്യാ സഖ്യത്തിൻ്റെ പോക്കറ്റിലേക്കാണ് പോയത്.
വാരാണസിയിൽ മോദി എന്ന ബ്രാൻഡിൽ മാത്രമാണ് പ്രചാരകർ ശ്രദ്ധ പുലർത്തിയിരുന്നത്. മോദിക്ക് മുമ്പും ശേഷവും മണ്ഡലത്തിനുണ്ടായ മാറ്റങ്ങൾ എന്താണ് എന്നതിൻ്റെ കൃത്യവും വ്യക്തവുമായ ചിത്രങ്ങൾ ജനമനസിലേക്ക് എത്തിക്കുന്നതിൽ പ്രചാരണം പരാജയപ്പെട്ടു. ഫ്ലെക്സുകളിലും ബാനറുകളിലും മോദിയുടെ ചിത്രങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കിട്ടിയതിൽ മണ്ഡലത്തിലെ വോട്ടർമാർ ഏറെ തൃപ്തരാണെന്ന മൂഢചിന്തയിലായിരുന്നു ബിജെപിയുടെ പ്രചാരണപരിപാടികൾ. അതേസമയം കോൺഗ്രസാകട്ടെ ‘ഹാത് ബദ്‌ലേഗാ ഹാലാത്’ എന്ന മുദ്രവാക്യമാണ് മുന്നോട്ട് വെച്ചത്. ദാരിദ്ര്യമായിരുന്നു ബാനറുകളിൽ ഇടം പിടിച്ച പ്രധാന വിഷയം. ഇവ സ്ഥാപിച്ചതാവട്ടെ മോദി മണ്ഡലത്തിൽ നിർമ്മിച്ച കെട്ടിടങ്ങളിലും.
താഴേത്തട്ടിൽ പ്രവർത്തകർ കാര്യമായി പണിയെടുത്തില്ലെന്ന വിമർശനവും ശക്തമാണ്. സാധാരണ ബി.ജെ.പിയും ആർഎസ്എസും വിശ്വ ഹിന്ദു പരിഷത്തും ചേർന്ന് നടത്തുന്ന പ്രചാരണ പരിപാടികൾ ഇക്കുറി നടന്നില്ല. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയവർ പ്രചരണത്തിൻ്റെ നിയന്ത്രണത്തിലേക്ക് വന്നതും പ്രവർത്തകരെ അസ്വസ്ഥരാക്കി. ഇടത് അനുകൂല മാധ്യമങ്ങളും അജയ് റായിയെ പിന്തുണച്ചു. സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങൾ ബിജെപിക്കെതിരെ ആക്രമണത്തിന് ഉപയോഗിച്ച് വാരാണസിയിലെ മോദിയുടെ സ്വീകാര്യത കുറയ്ക്കുന്നതിലും ഇന്ത്യ സഖ്യം വിജയിച്ചു.
Read Also: കങ്കണയെ മര്‍ദിച്ച സംഭവം; സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍
മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ജനങ്ങളോടുള്ള പെരുമാറ്റവും മോദിയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ജനത്തിനെ സേവിക്കാനുള്ളതാണ്. നിയമം ഉപയോഗിച്ച് ജനത്തെ സംരക്ഷിക്കുന്നതിന് പകരം അടിച്ചമർത്താനാണ് യോഗി സർക്കാർ ശ്രമിച്ചത്. ആശുപത്രി മുതൽ സ്കൂളുകൾ വരെയുള്ള സേവന മേഖലകളിലും ജനം അതൃപ്തരായിരുന്നു. ഇതു തന്നെയാണ് അയോധ്യയിലെ തോൽവിക്കു പിന്നിലെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിലും സഹായിക്കുന്നതിലും പ്രാദേശിക പാർട്ടി പ്രവർത്തകർ പലപ്പോഴും വീഴ്ച വരുത്തി. പാർട്ടി പ്രവർത്തകരോട് സഹായം അഭ്യർഥിച്ചാൽ പോലും ഇടപെടാതെ ആവശ്യക്കാരെ ആട്ടിയോടിച്ച സംഭവങ്ങൾ പോലുമുണ്ടായി. വോട്ട് ചെയ്യുന്ന സാധാരണക്കാരന് പല പ്രതീക്ഷകളുമുണ്ടാകും. എന്നാൽ അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോയാൽ ജനം മാറിച്ചിന്തിക്കുമെന്ന് പലപ്പോഴും ബിജെപി മറന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കുറഞ്ഞ വിജയം മുതൽ ജനം പാർട്ടിയിൽ നിന്ന് അകന്നതുവരെയുള്ള കാരണങ്ങൾ ബിജെപി പരിശോധിക്കുന്നുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നാണ് സൂചന. പാർട്ടി നേതൃത്വതലത്തിൽ തന്നെ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. മികച്ച കാര്യകർത്താക്കളെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും താഴേത്തട്ടിൽ ശക്തമാണ്. വാരാണസിയിൽ മോദിയ്ക്കും പാർട്ടിക്കുമുണ്ടായ നാണക്കേടിന് പരിഹാരം കാണാനുള്ള തിരക്കിലാണ് നേതൃത്വം.
Story Highlights : Reasons for PM Modi’s margin slipping from 4.8 lakh to 1.5 lakh.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here