പാർലമെൻ്റ് സുരക്ഷാ വീഴ്ച കേസ്: വിചാരണ അതിവേഗം പൂർത്തിയാക്കാൻ ശ്രമം, 1000 ത്തോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചു

പാർലമെൻ്റിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ച സംഭവത്തിൽ ദില്ലി പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. കേസിലെ ആറ് പ്രതികൾക്കെതിരെയാണ് യുഎപിഎ അടക്കം വകുപ്പുകൾ ചുമത്തിയാണ് ആയിരത്തോളം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2001 ലെ പാർലമെൻ്റ് ആക്രമണത്തിൻ്റെ ഇക്കഴിഞ്ഞ വാർഷികത്തിനാണ് പ്രതിഷേധക്കാർ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാർലമെൻ്റിന് അകത്തേക്ക് കടന്നത്. മൈസുരു സ്വദേശി ഡി മോനരഞ്ജൻ, ലളിത് ഝാ, അമോൽ ഷിൻഡെ, മഹേഷ് കുമാവത്, സാഗർ ശർമ, നീലം ആസാദ് തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് കേസ് പരിഗണനയിലുള്ളത്. ജഡ്ജ് ഹർദീപ് കൗറാണ് കേസ് പരിഗണിക്കുന്നത്. പുതിയ പാർലമെൻ്റ് മന്ദിരത്തിന് അകത്ത് 2023 ഡിസംബർ 13 ന് പുക ബോംബുകൾ പൊട്ടിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. ലോകശ്രദ്ധയാകർഷിച്ച സംഭവം രാജ്യത്തിന് വലിയ നാണക്കേടായിരുന്നു. കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ കേസിൽ വിചാരണയും വേഗത്തിൽ നടക്കുമെന്നാണ് കരുതപ്പെടുന്നത്. അതിവേഗം വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കുന്നതിനാവും പരിഗണന. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് കേസെന്നാണ് പ്രൊസിക്യൂഷൻ വാദം.
സംഭവ ദിവസം പുതിയ പാർലമെൻ്റ് മന്ദിരത്തിലെ സന്ദർശക ഗാലറിയിലായിരുന്ന പ്രതികൾ സഭ സമ്മേളനം നടക്കുന്നതിനിടെ ചാടി പാർലമെൻ്റംഗങ്ങളുടെ ഇരിപ്പിടത്തിനും മേശയ്ക്കും മുകളിലൂടെ ഓടി നടക്കുകയായിരുന്നു. ഇവരിൽ നാല് പേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. മറ്റുള്ളവരെ തുടർന്ന് പലയിടത്ത് നിന്നായി പിടികൂടി. മൈസുരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ അനുവദിച്ച സന്ദർശക പാസ് ഉപയോഗിച്ചാണ് പ്രതികൾ പാർലമെൻ്റിൽ കടന്നത്. സംഭവത്തിന് പിന്നാലെ എട്ട് സുരക്ഷാ ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. ശേഷം പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷ കൂട്ടുകയും ചെയ്തു. പ്രതിപക്ഷം സംഭവത്തിൽ കനത്ത പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലുമായി 141 എം.പിമാരെ സസ്പെൻ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
Story Highlights : Chargesheet on Parliament security breach incident 2023 submitted in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here