സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നു: കെ.സുരേന്ദ്രൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു.
പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ശക്തമായ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. ഈ കാര്യങ്ങൾ തീരുമാനിക്കാനുള്ള സംസ്ഥാന നേതൃയോഗം അടുത്താഴ്ച നടക്കും. ഇടതു സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഗുണം ചെയ്തത് യുഡിഎഫിനല്ല, എൻഡിഎക്കാണ്.
ബിജെപിയുടെ വളർച്ചയെ പറ്റി സിപിഐഎം പഠിക്കുമെന്ന് പറയുന്നത് വെറുതെയാണ്.
ആര് പഠിച്ചാലും പിണറായി വിജയൻ പഠിക്കില്ല. പിണറായി പഠിക്കാത്ത കാലത്തോളം ഒരു മാറ്റവും ഉണ്ടാവില്ല. പ്ലീനത്തിൻ്റെ പേരിൽ നാല് ദിവസം സാമ്പാറും വടയും കഴിച്ച് നേതാക്കൾ പഠിച്ചിട്ടും ഒന്നും സംഭവിച്ചില്ല. പാർട്ടി നേതാക്കളും കുടുംബവും എങ്ങനെ ജീവിക്കണമെന്ന പെരുമാറ്റചട്ടം പ്ലീനത്തിലുണ്ടാക്കി. എന്നാൽ പ്ലീനം പിണറായി വിജയന് മാത്രം ബാധകമായില്ല. പിണറായി വിജയൻ്റെ ഏകാധിപത്യവും അഴിമതിയും സിപിഐഎമ്മിനെ തകർക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran Support Over Suresh gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here