Advertisement

ടി20: ഹാട്രിക് ജയത്തോടെ സൂപ്പർ എട്ട് ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക

June 11, 2024
Google News 2 minutes Read
South Africa

ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്കറവും സംഘവും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുക്കാനാണ് സാധിച്ചത്. സമനിലയിലേക്ക് നീങ്ങുമോ എന്ന് തോന്നിച്ച മത്സരത്തില്‍ അവസാന ഓവറില്‍ ബംഗ്ലാദേശിന് 11 റണ്‍സ് എടുക്കാനാകാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്കക്ക് വിജയിക്കാനായത്. അവസാന ഓവറിലെ രണ്ട് ബോളില്‍ ആറ് റണ്‍സ് എന്ന വെല്ലുവിളി മറികടക്കാന്‍ മഹമ്മൂദുള്ളയാണ് നിയോഗിക്കപ്പെട്ടത്. കേശവ് മഹാരാജ് എറിഞ്ഞ ഫുള്‍ടോസ്സ് അദ്ദേഹം ഗ്യാലറി ലക്ഷ്യമാക്കി പായിച്ചെങ്കിലും ബൗണ്ടറിക്കടുത്ത് വെച്ച് എയ്ഡന്‍ മാര്‍ക്കറം എടുത്ത സുന്ദരമായ ക്യാച്ചില്‍ മത്സരം ബംഗ്ലാദേശിന് അടിയറ വെക്കേണ്ടി വന്നു. ഇതോടെ ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സൗത്ത് ആഫ്രിക്ക സൂപ്പര്‍ എട്ട് പ്രവേശനം ഉറപ്പിച്ചു.

Read Also: ടി20: സൗത്ത് ആഫ്രിക്കയെ നയിച്ചത് ക്ലാസനും മില്ലറും; ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 114

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൌത്ത് ആഫ്രിക്കയുടെ നില ആദ്യ ഓവറുകളില്‍ തന്നെ പരുങ്ങലിലായിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത തന്‍സിം ഹസനാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ നിലക്ക് നിര്‍ത്തിയത്. നാല് ഓവര്‍ എറിഞ്ഞ ടസ്‌കിന്‍ അഹമ്മദ് 19 റണ്‍സ് മാത്രം നല്‍കി രണ്ടു വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ബൗളിങ്ങിനു മുന്നില്‍ തുടക്കത്തിലെ അടിപതറിയ സൗത്ത് ആഫ്രിക്കന്‍ നിരയില്‍ നിന്ന് ആദ്യം വീണത് റീസ ഹെന്റ്‌റിക്‌സിന്റെ വിക്കറ്റാണ്. തന്‍സിമിന്റെ ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്സ് ഡക്കായി. രണ്ട് സിക്‌സും ഒരു ഫോറുമൊക്കെയായി പ്രതീക്ഷ നല്‍കിയ ക്വിന്റണ്‍ ഡിക്കോക്കും 11 പന്തില്‍ നിന്ന് 18 മാത്രം നേടി കളം വിട്ടു. മൂന്നാം ഓവറില്‍ തന്‍സിമിന് തന്നെയായിരുന്നു വിക്കറ്റ്. പിന്നാലെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്കറം നാല് റണ്‍സിനും ട്രിസ്റ്റ്രന്‍സ് സ്റ്റബ്‌സ് പൂജ്യത്തിനും മടങ്ങി. ഈ സമയം 4.2 ഓവറില്‍ നാലിന് 23 റണ്‍സ് എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്‍ റിക്ക് ക്ലാസന്‍-ഡേവിഡ് മില്ലര്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 79 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 100 കടത്തിയത്. 44 പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട മില്ലര്‍ 29 റണ്‍സെടുത്തു.

Read Also: ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് 97 റൺസ് വിജയലക്ഷ്യം

മറുപടി ബാറ്റിങില്‍ 9.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് റണ്‍സായിരുന്നു സമ്പാദ്യം. തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ രക്ഷക്കെത്തിയത്. അഞ്ചാമതായി എത്തിയ തൗഹിദ് ഹൃദോയ് – മഹ്മദുള്ള സഖ്യമായിരുന്നു. 44 റണ്‍സ് ചേര്‍ത്തത്. എന്നാല്‍ പ്രതീക്ഷയോടെ മുന്നേറിയ ഹൃദോയ്-മഹമ്മദുള്ള സഖ്യത്തിന് 18-ാം ഓവറില്‍ പിരിയേണ്ടി വന്നു. കാഗിസോ റബാദ ഹൃദോയിയെ പുറത്താക്കി മത്സരഗതി തിരിച്ചു. 34 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 37 റണ്‍സാണ് ഹൃദോയി നേടിയത്. 27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത മഹ്മദുള്ള കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.

തന്‍സിദ് ഹസന്‍ ഒമ്പത്, ലിറ്റണ്‍ ദാസ് ഒമ്പത്, ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് റണ്‍സുമായി നിരാശപ്പെടുത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ആദ്യനിര ബാറ്റര്‍മാരില്‍ രണ്ടക്കം കടന്ന താരം. ഹെന്റിറിച്ച് ക്ലാസന്‍ ആണ് മാന്‍ ഓഫ് മാച്ച്.

Story Highlights : Bengladesh defeated by South Africa in T20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here