മോദി കാ പരിവാർ ഇനി വേണ്ട, അതില്ലാതെയും നാം ഒരു കുടുംബം: സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ച് മോദി

മോദി കാ പരിവാർ എന്നും മോദി കുടുംബം എന്നും സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ പേരിൽ ഉൾപ്പെടുത്തിയത് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മളൊരു കുടുംബമെന്ന സന്ദേശം വ്യക്തമായി സംവേദനം ചെയ്യപ്പെട്ടെന്നും എല്ലാ ഇന്ത്യാക്കാരോടും നന്ദി പറയുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തൻ്റെ എക്സ് പ്രൊഫൈലിൽ ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലാണ് ബിജെപി നേതാക്കൾ ഒന്നടങ്കം മോദി കാ പരിവാർ എന്ന് തങ്ങളുടെ സോഷ്യൽ മീഡിയോ പേരുകളിൽ ചേർത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, യു.പി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവരടക്കം ഈ രീതിയിൽ സോഷ്യൽ മീഡിയ പേരുകൾ മാറ്റിയിരുന്നു.
മാർച്ച് മൂന്നിന് ബിഹാറിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മോദിക്ക് കുടുംബമില്ലെന്ന് തൻ്റെ പ്രസംഗത്തിൽ പറഞ്ഞതിന് പിന്നാലെയായിരുന്നു ബി.ജെ.പി നേതാക്കൾ മോദിയുടെ കുടുംബമെന്ന രാഷ്ട്രീയ പ്രതിരോധം ഉയർത്തി രംഗത്ത് വന്നത്. ബിഹാറിലെ ലാലു പ്രസാദ് യാദവിൻ്റെ പ്രസംഗത്തിന് തെലങ്കാനയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയത്. രാജ്യത്തെ 140 കോടിയിലേറെ വരുന്ന ജനങ്ങളാണ് തൻ്റെ കുടുംബമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എൻഡിഎ സർക്കാരിന് മൂന്നാം തവണയും ജനം കൃത്യമായ മേൽക്കൈ നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ട്വീറ്റിൽ പറയുന്നു. ഇതൊരു റെക്കോർഡാണെന്നും രാജ്യത്തിനായി പ്രവർത്തിക്കാനുള്ള ജനവിധിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി കാ പരിവാർ എന്നത് സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്താലും നാമെല്ലാം ഒരു കുടുംബമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതാദ്യമായല്ല സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിടുന്നത്. 2019 ൽ രാഹുൽ ഗാന്ധിയുടെ ചൗകിദാർ ഛോർ ഹേ പ്രസംഗത്തിന് പിന്നാലെ ബിജെപി അനുകൂല പ്രൊഫൈലുകളിൽ ചൗകിദാർ എന്നത് പേരിനൊപ്പം ചേർത്തിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ മറികടക്കുന്നതിനായിരുന്നു ഇത്.
Story Highlights : Remove ‘Modi Ka pariwar’ from social media profiles says PM Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here