ഓണത്തിന് നാട്ടിൽ വരാമെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നു; ഓണമുണ്ണാൻ ആകാശ് വരില്ല, യാത്രയായി

ഈ ഓണത്തിന് നാട്ടിൽ വരാമെന്നു അമ്മക്ക് വാക്ക് കൊടുത്തിരിക്കെ ആയിരുന്നു പന്തളം സ്വദേശി ആകാശിനെ അകാലമരണം കവർന്നത്. ബുധനാഴ്ചരാത്രിയും മകന്റെ വിളി പ്രതീക്ഷിച്ചിരിക്കവേയാണ് കുവൈത്തിലെ ദുരന്തവാർത്ത ആ കുടുംബത്തെ തേടി എത്തിയത്. 32 വയസ്സുകാരനാണെങ്കിലും വീടിന്റെ താങ്ങും തണലുമായിരുന്നു ആകാശ് . ചെറുപ്പത്തിലേ അച്ചൻ മരിച്ചശേഷം അമ്മയുടെ പരിചരണത്തിൽ വളർന്ന ആകാശ് പറക്കമുറ്റിയപ്പോഴായിരുന്നു അമ്മ ശോഭനാകുമാരിക്കും സഹോദരി ശാരിക്കും ആശ്വാസമായത്.
എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായി ജോലിനോക്കിവരുകയായിരുന്നു. ഒന്നര വർഷം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. മൂന്നു മാസത്തെ ശമ്പള കുടിശിക കിട്ടാൻ ഉണ്ടെന്നു ദുരന്തതിന്റെ തലേന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. അതും വാങ്ങി ഓണത്തിന് വരാമെന്നു ഏറ്റതാണ്.
അടുത്ത ലീവിന് വരുമ്പോൾ, വിവാഹം എന്ന ആഗ്രഹവും ആകാശ് സുഹൃത്തക്കളോട് പങ്ക് വച്ചിരുന്നു. എല്ലാവരോടും ചിരിച്ചു സംസാരിച്ചിരുന്ന ആകാശ് ഇനി ഇല്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ ഈ നാടിനും വീടിനും ആയിട്ടില്ലെന്നും ആകാശിന്റെ ചെറിയച്ഛൻ പറഞ്ഞു.
Story Highlights : Akash S Nair died in Kuwait Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here