Advertisement

മൂന്നാം മോദി സർക്കാരിൽ അതിസമ്പന്നരായ 10 മന്ത്രിമാർ: പെമ്മസാനി മുതൽ പങ്കജ് ചൗധരി വരെ, പട്ടികയിൽ അമിത് ഷായും

June 13, 2024
Google News 2 minutes Read
Richest Ministers

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ജൂൺ 9 നാണ്. 293 സീറ്റ് നേടിയ എൻഡിഎ മുന്നണിയുടെ വിജയമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയത്. ടിഡിപിയും ജെഡിയുവും അടക്കം സഖ്യകക്ഷികളുടെ പിൻബലത്തോട് രൂപീകരിച്ച സർക്കാരിൽ 31 ക്യാബിനറ്റ് മന്ത്രിമാരും 35 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് മന്ത്രിമാരുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

ഈ മന്ത്രിസഭയിൽ ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ ഡോ.ചന്ദ്ര ശേഖർ പെമ്മസാനിയാണ് ഏറ്റവും ധനികൻ. ഇദ്ദേഹത്തിൻ്റെ ആകെ ആസ്തി 5705 കോടി രൂപയാണ്. കമ്യൂണിക്കേഷൻ, റൂറൽ ഡെവലപ്മെൻ്റ് മന്ത്രാലയങ്ങളിൽ സഹമന്ത്രിയാണ് ഇദ്ദേഹം.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് മറ്റൊരു ധനികൻ. 425 കോടി രൂപ ആസ്തിയുള്ള ഇദ്ദേഹം വടക്ക് – കിഴക്കൻ മേഖലയുടെ വികസന കാര്യം, കമ്യൂണിക്കേഷൻ വകുപ്പുകളുടെ മന്ത്രിയായാണ് ചുമതലയേറ്റത്. 217 കോടി രൂപ ആസ്തിയുള്ള ജെഡിഎസ് നേതാവും ഉരുക്ക് – വൻകിട വ്യവസായകാര്യ കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയാണ് അതിസമ്പന്നരിൽ മൂന്നാമൻ.

കേന്ദ്ര സർക്കാരിൽ റെയിൽവെ, ഇലക്ട്രോണിക്സ് ആൻ്റ് ഐടി, ഐ&ബി എന്നീ സുപ്രധാന മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് 144 കോടി രൂപയുടെ ആസ്തിയുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജീത്ത് സിങിന് 121 കോടി രൂപയുടെ ആസ്തിയുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന് 110 കോടിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 65 കോടി രൂപയുടെയും ആസ്തിയാണ് ഉള്ളത്.

സഹകരണ വകുപ്പ് സഹമന്ത്രി ക്രിഷൻ പാലിന് 62 കോടിയുടെയും ജൽശക്തി, റെയിൽവെ വകുപ്പ് സഹമന്ത്രി വി സോമണ്ണയ്ക്ക് 60 കോടി രൂപയുടെയും ആസ്തിയുണ്ട്. പട്ടികയിൽ പത്താമതുള്ളത് ബിജെപിയിൽ നിന്ന് തന്നെയുള്ള പങ്കജ് ചൗധരിയാണ്. കേന്ദ്ര ധനകാര്യ സഹമന്ത്രിയായ ഇദ്ദേഹത്തിന് 41 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.

അതിസമ്പന്നരായ എംപിമാർ

മന്ത്രിസഭാംഗങ്ങളിൽ വെച്ച് ഏറ്റവും ധനികനാണ് പെമ്മസാനി. രണ്ടാമത്തെ ധനികൻ ജ്യോതിരാദിത്യ സിന്ധ്യയാണെങ്കിലും ലോക്സഭാംഗങ്ങളിൽ ഈ സ്ഥാനം ബിജെപി അംഗമായ കൊണ്ട വിശ്വേശ്വർ റെഡ്ഡിക്കാണ്. 4568 കോടി രൂപ ആസ്തിയുള്ള ഇദ്ദേഹം തെലങ്കാനയിൽ ചെവല്ല മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഗദ്ദം രഞ്ജിത്ത് റെഡ്ഡിയെ 1.72 ലക്ഷം വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ബിജെപി നേതാവും വ്യവസായിയുമായ നവീൻ ജിൻഡലാണ് മൂന്നാമത്തെ വലിയ ധനികൻ. 1241 കോടി രൂപയാണ് ഇദ്ദേഹത്തിൻ്റെ ആസ്തി. രാജ്യത്തെ തന്നെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ജിൻഡൽ സ്റ്റീൽ ആൻ്റ് പവർ കമ്പനി ചെയർമാനാണ്. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിലെ എം.പിയാണ് ഇദ്ദേഹം.

പ്രഭാകർ വെമി റെഡ്ഡിയാണ് മറ്റൊരു സമ്പന്നൻ. ടിഡിപി നേതാവായ ഇദ്ദേഹത്തിന് 716 കോടി രൂപയുടെ ആസ്തിയുണ്ട്. വിപിആർ മൈനിങ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനായ ഇദ്ദേഹം ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ള ടിഡിി എം.പിയാണ്. ആന്ധ്രയിൽ തന്നെ അനകപല്ലി മണ്ഡലത്തിൽ ജയിച്ച ബിജെപി അംഗം സിഎം രമേഷിന് 497 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ഇവർ കഴിഞ്ഞാൽ പട്ടികയിൽ പിന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ സ്ഥാനം.

കോൺഗ്രസിൻ്റെ മഹാരാഷ്ട്രയിലെ കോലാപൂർ മണ്ഡലം എംപി ഛത്രപതി ഷാഹു മഹാരാജാണ് മറ്റൊരു ധനികൻ. 342 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ആന്ധ്രയിൽ നിന്നുള്ള ടിഡിപി അംഗം ശ്രീഭാരത് മതുകുമിളിക്ക് 298 ആസ്തി കോടി രൂപയുടെ ആസ്തിയുണ്ട്. പട്ടികയിൽ ഒൻപതാമത് ഹേമാ മാലിനിയാണ്. യു.പിയിലെ മഥുരയിൽ നിന്ന് ലോക്സഭയിലെത്തിയ ബിജെപി അംഗമായ ഇവർക്ക് 278 കോടി രൂപയുടെ ആസ്തിയുണ്ട്. കർണാടകത്തിലെ ദേവനഗരിയിൽ നിന്ന് മത്സരിച്ച് ജയിച്ച കോൺഗ്രസ് അംഗം പ്രഭ മല്ലികാർജ്ജുന് 241 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.

Story Highlights : Top 10 richest ministers in Modi 3.0 Union Cabinet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here