അച്ഛനും സഹോദരിയും അന്തിയുറങ്ങുന്ന മണ്ണില്‍ അരുണ്‍ ബാബുവിനും അന്ത്യവിശ്രമം; ആറ് ദിവസം മുമ്പ് കുവൈറ്റിലേക്ക് പോയ ശ്രീജേഷ് മടങ്ങിയെത്തിയത് ചേതനയറ്റ്

കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ അരുണ്‍ ബാബുവിനും ശ്രീജേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി ജന്മനാട്. വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശി അരുണ്‍ബാബുവും, വര്‍ക്കല ഇടവ സ്വദേശി ശ്രീജേഷും യാത്രയായത്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഹൃദയം നുറുങ്ങുന്ന നിലവിളി കണ്ട് നിന്നവരുടെ പോലും കരള്‍ പിളര്‍ത്തുന്ന വേദനയായി.(Arun Babu and Sreejesh cremation kuwait fire accident)
ഉഴമലയ്ക്കല്‍ സ്വദേശി അരുണ്‍ബാബു യാത്രയാകുമ്പോള്‍ വീടെന്ന സ്വപ്നം ബാക്കി. വൈകിട്ട് നാലുമണിയോടെ അരുണിന്റെ മൃതദേഹം നെടുമ്പാശ്ശേരിയില്‍ നിന്ന് വട്ടപ്പാറ പൂവത്തൂരിലെ ഭാര്യ വീട്ടിലെത്തിച്ചു. പത്തുമിനിറ്റ് നീണ്ട പൊതുദര്‍ശനം. ശേഷം കുടുംബവീടായ ഉഴമലയ്ക്കല്‍ കുര്യാത്തിയില്‍ സംസ്‌കാരം.
സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുകണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ആറുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീടിനു സമീപത്തെ പുരയിടത്തിലേക്ക് മൃതദേഹം എത്തിച്ചു. അച്ഛനും സഹോദരിയും അന്തിയുറങ്ങുന്ന അതേ മണ്ണില്‍ അരുണ്‍ ബാബുവിനും അന്ത്യവിശ്രമം.
ആറു ദിവസം മുമ്പ് കുവൈറ്റിലേക്ക് പോയ ഇടവ സ്വദേശി ശ്രീജേഷിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ അമ്പരപ്പിലായിരുന്നു നാട്ടുകാര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചുമണിയോടെ ഇലകമണ്‍ കേടാകുളത്തെ സഹോദരിയുടെ വീട്ടിലേക്ക് ശ്രീജേഷിന്റെ മൃതദേഹം എത്തിച്ചു. സഹോദരി ആരതിയും ഭര്‍ത്താവ് രാജേഷും അബുദാബിയില്‍ നിന്ന് തൊട്ടു പിന്നാലെയെത്തി.
Read Also: ബാഹുലേയനും നൂഹിനും വിട; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹം സംസ്‌കരിച്ചു
ഇടവ, പാറയില്‍ , മൂടില്ലവിളയിലെ ശ്രീജേഷിന്റെ കുടുംബ വീട്ടില്‍ പൊതുദര്‍ശനം.സ്വപ്ന വീടിനായി കെട്ടിയ ബേസ്‌മെന്റിന് പുറത്ത് കിടത്തിയിരുന്ന ശ്രീജേഷിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാര്‍ തിങ്ങി നിറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിയായി കളക്ടര്‍ ജറോമിക് ജോര്‍ജ്, സ്ഥലം എംഎല്‍എ
വി ജോയ് എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. സഹോദരി ഭര്‍ത്താവ് രാജേഷ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു.
Story Highlights : Arun Babu and Sreejesh cremation kuwait fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here