സ്‌പെയിന്‍ തേരോട്ടത്തില്‍ വീണ് ക്രൊയേഷ്യ; പെനാല്‍റ്റി കിക്ക് നഷ്ടമാക്കി പെറ്റ്‌കോവിച്ച്

എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തുക, കണ്‍ചിമ്മി തുറക്കും മുമ്പ് നിറയൊഴിക്കുക. ഇതായിരുന്നു യൂറോയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ പുറത്തെടുത്ത തന്ത്രം. ടിക്കി ടാക്ക പ്രതീക്ഷിച്ച കളിയാരാധകര്‍ മാത്രമല്ല ലൂക്കാ മോഡ്‌റിച്ചിന്റെ നേതൃത്വത്തിലെത്തിയ ക്രൊയേഷ്യന്‍ സംഘം വരെ സ്‌പെയിനിന്റെ ഭാവമാറ്റത്തില്‍ അന്തംവിട്ടു. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത് ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തുവിട്ടത്. 28-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട, 32-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസ്, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി കാര്‍വഹാല്‍ എന്നിവരാണ് സ്‌പെയിനിനായി വല ചലിപ്പിച്ചത്.
യുവതാരം ലാമിന്‍ യമാലും ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയും നിക്കോ വില്യംസും ക്രൊയേഷ്യന്‍ ബോക്സിലേക്ക് ഇരച്ചെത്തിയപ്പോള്‍ ക്രൊയേഷ്യന്‍ പ്രതിരോധം അങ്കലാപ്പിലായി. നാല് അവസരങ്ങളെങ്കിലും തുറന്ന സ്‌പെയിന്‍ മുന്നേറ്റനിര 28-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റോഡ്രി നല്‍കിയ പാസ് അനായാസം ഗോള്‍വര കടത്തി അല്‍വാരോ മൊറാട്ട സ്പെയ്നിനെ മുന്നിലെത്തിച്ചു. പന്ത് സ്വീകരിച്ച് മുന്നേറിയ മൊറാട്ട രണ്ട് ക്രൊയേഷ്യന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് സ്‌കോര്‍ ചെയ്തു.
Read Also: യൂറോ കപ്പ്: ഹംഗറിക്കെതിരെ വിജയം വരിച്ച് സ്വിസ് പട
നാലു മിനിറ്റിനുള്ളില്‍ സ്പെയ്ന്‍ പിന്നെയും വലകുലുക്കി. ഇത്തവണ വലതുവിങ്ങിലെത്തിയ ലോങ് ബോള്‍ ഭംഗിയായി നിയന്ത്രിച്ച പ്രായം കുറഞ്ഞ താരം ലാമിന്‍ യമാലിന്റെ മികവാണ് ഗോളിന് വഴിവെച്ചത്. യമാലില്‍ നിന്നെത്തിയ പന്ത് ബോക്സിന് തൊട്ടുവെളിയില്‍വെച്ച് പെഡ്രി ഫാബിയാന്‍ റൂയിസിന് നീട്ടി. ബോക്സില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കിയ ഡ്രിബ്ലിങ്ങിനൊടുവില്‍ റൂയിസ് ഇടത് കോര്‍ണറിലേക്ക് പറഞ്ഞയച്ചു. സമ്മര്‍ദ്ദത്തിലായ ക്രൊയേഷ്യ ഒന്നാകെ പണിയെടുത്ത് ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ഡാനി കാര്‍വഹാലിലൂടെ സ്പെയ്ന്‍ മൂന്നാം ഗോളും നേടി. വലതുവിങ്ങില്‍ പന്തു സ്വീകരിച്ച് യമാല്‍ ക്രൊയേഷ്യന്‍ ബോക്സിലേക്ക് പന്ത് ക്രോസ് ചെയ്യുമ്പോള്‍ ബോക്സില്‍ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാര്‍ നിറഞ്ഞിരുന്നു. എന്നിട്ടും പാസിലെ കൃത്യതകൊണ്ട് കാര്‍വഹാല്‍ പന്ത് വലയിലാക്കി. ഗോളുകള്‍ തിരിച്ചടിക്കാനുള്ള ക്രൊയേഷ്യന്‍ ശ്രമങ്ങളെല്ലാം വിഫലമായിക്കൊണ്ടിരുന്നു. ഇടക്ക് ഗോള്‍ എന്നുറച്ച അവസരം ഒത്തുവന്നെങ്കിലും സ്പാനിഷ് പ്രതിരോധം പിളര്‍ത്താനായെങ്കിലും പന്ത് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല.
Read Also: യൂറോ കപ്പ്: സ്‌കോട്ട്‌ലാന്‍ഡിനെ തരിപ്പണമാക്കി ജര്‍മ്മനി; തകർത്തത് 5-1ന്
78-ാം മിനിറ്റില്‍ പെറ്റ്കോവിച്ചിനെ റോഡ്രി ബോക്സില്‍ വീഴ്ത്തിയതിന് ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ പെറ്റ്കോവിച്ചിന്റെ കിക്ക് സ്പാനിഷ് ഗോളി ഉനായ് സിമോണ്‍ തട്ടിയെങ്കിലും റീബൗണ്ട് വന്ന പന്ത് താരം തന്നെ വലയിലാക്കി. പക്ഷേ കിക്കെടുക്കുന്ന സമയത്തിനു മുമ്പ് ക്രൊയേഷ്യന്‍ താരങ്ങള്‍ ബോക്സിലേക്ക് കയറിയതിനാല്‍ വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിച്ചു. മറുപടിയായി ഒരുഗോള്‍ പോലും നേടാനാകാതെയാണ് ലൂക്കാമോഡ്‌റിച്ചും സംഘവും കളം വിട്ടത്.
Story Highlights : Spain vs Croatia match Euro cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here