Advertisement

‘CPIMന് ചിഹ്നം ബോംബ് മതി; സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന് നിർദേശം നൽകണം’; പരിഹാസവുമായി പ്രതിപക്ഷം

June 19, 2024
Google News 2 minutes Read

കണ്ണൂർ, തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. ഇതിനിടെയാണ് സർക്കാരിനെതിരെ പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചത്.

സിപിഐഎമ്മിന് ചിഹ്നം ബോംബ് മതിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. സിപിഐഎമ്മിന് ചിഹ്നം പോയാൽ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എം.എൽ.എ പരിഹസിച്ചു. ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. . സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിർമാണത്തിൽ നിരപരാധികളാണ് മരിക്കുന്നത്. സിപിഐഎം ആയുധം താഴെ വെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

Read Also: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി എരഞ്ഞോളിയിൽ ഇന്നലെ മരിച്ചത്. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

അതേസമയം സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പൊലീസ് നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമ്മാണവും ശേഖരണവും തടയുന്നതിനും കണ്ടെത്തുന്നതിനുമായി ക്വാറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരന്തരം റെയ്ഡുകൾ നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Opposition Mocks CPIM in Kannur Bomb blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here