Advertisement

അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കിയാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് യോഗ്യത: ഡൊണാൾഡ് ട്രംപിൻ്റെ വാഗ്ദാനം

June 21, 2024
2 minutes Read

കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഡൊണാൾഡ് ട്രംപ് ഇത് മയപ്പെടുത്തിയത്.

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഇത് ബിരുദ പഠനം പൂർത്തായിക്കുന്നവർക്ക് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ ലഭിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് തങ്ങളുടെ നാടുകളിലേക്ക് പോകുന്നവർ സ്വന്തം രാജ്യത്ത് കമ്പനികൾ തുടങ്ങി അതിസമ്പന്നരായി മാറുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്യുകയാണെന്ന് പറഞ്ഞ ട്രംപ്, അത്തരക്കാരെ അമേരിക്കയിലെ പഠനത്തിന് ശേഷം അമേരിക്കയിൽ തന്നെ തുടരാനും ഇവിടെ സംരംഭങ്ങൾ തുടങ്ങാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

അമേരിക്കയിലെ മുൻനിര സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോകുന്നത് അമേരിക്കയ്ക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന കാലത്ത് തന്നെ ചെയ്യാൻ ആഗ്രഹിച്ചിരുന്നതാണ് ഇക്കാര്യമെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് വന്നതിനാലാണ് ഇത് സാധിക്കാതെ പോയതെന്നും വ്യക്തമാക്കി. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ് മേഖലകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് നൽകണമെന്ന തൻ്റെ ആദ്യകാല നിലപാട് ആവർത്തിച്ചാണ് ട്രംപ് സംസാരിച്ചത്.

നാല് വെഞ്ച്വർ കാപിലിസ്റ്റുകളായ ചമത്ത് പലിഹാപിടിയ, ജേസൺ കലക്കാനിസ്, ഡേവിഡ് സാക്സ്, ഡേവിഡ് ഫ്രീഡ്ബെർഗ് എന്നിവർ നടത്തിയ പോഡ്കാസ്റ്റ് ചർച്ചയിലായിരുന്നു ഡൊണാൾഡ് ട്രംപിൻ്റെ പ്രതികരണം. ഇവരിൽ മൂന്ന് പേരും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് മിടുക്കരായ ഉദ്യോഗാർത്ഥികളെ വിദേശത്ത് നിന്ന് എത്തിക്കുന്നതിൽ ട്രംപിൻ്റെ നിലപാട് ജേസൺ കലക്കാനിസ് ചോദിച്ചപ്പോഴായിരുന്നു ട്രംപ് തൻ്റെ നിലപാട് അറിയിച്ചത്.

അമേരിക്കയിലെ കോളേജുകളിൽ ബിരുദം നേടുന്ന മിടുക്കരായ വിദ്യാർത്ഥികളെ അമേരിക്കയിൽ തന്നെ തുടരാനും അവരെ അമേരിക്കയിലെ സ്ഥാപനങ്ങൾക്ക് റിക്രൂട്ട് ചെയ്യാനും സാധിക്കണമെന്നതാണ് തൻ്റെ നയമെന്ന് ട്രംപ് വിശദീകരിച്ചു. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ഉന്നത ബിരുദം ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾ അടുത്ത ദിവസം തന്നെ അമേരിക്ക വിടേണ്ട സ്ഥിതിയാണ് നിലവിലെന്നും ഇത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയ്ക്ക് പുറത്ത് 210 ലേറെ ഇടങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലേറെ വിദേശ വിദ്യാർത്ഥികൾ 2022-23 കാലത്ത് അമേരിക്കയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്നതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷണൽ എഡ്യൂക്കേഷൻ്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ചൈനയിൽ നിന്നാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്, 289526. ഇന്ത്യയിൽ നിന്ന് 268923 വിദ്യാർത്ഥികൾ അമേരിക്കയിൽ 2022-23 കാലത്ത് പഠിച്ചിരുന്നു. ആകെ അമേരിക്കയിലുള്ള വിദേശ വിദ്യാർത്ഥികളിൽ 53 ശതമാനം പേരും ഇന്ത്യ-ചൈന രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

2017-18 കാലത്ത് അമേരിക്കയിൽ ഉണ്ടായിരുന്ന ആകെ വിദേശ വിദ്യാർത്ഥികളിൽ 33 ശതമാനം ചൈനയിൽ നിന്നും 18 ശതമാനം ഇന്ത്യയിൽ നിന്നുമായിരുന്നു. അഞ്ച് വർഷത്തിനിടെ വിദേശ വിദ്യാർത്ഥികളുടെ വിഹിതം ചൈനയുടേത് 27 ശതമാനവും ഇന്ത്യയിൽ നിന്ന് 25 ശതമാനവുമായി മാറി.

എന്നാൽ കുടിയേറ്റ നയത്തിൽ ട്രംപിൻ്റെ കാഴ്ചപ്പാട് ഉദാരമായതല്ല. കുടുംബാധിഷ്ഠിത കുടിയേറ്റത്തോടെ ട്രംപിനുള്ള വിരുദ്ധ നിലപാട് ഇപ്പോഴും തുടരുകയാണ്. എന്നാൽ തൊഴിൽ വൈദഗ്ദ്ധ്യമുള്ള വിദ്യാഭ്യാസമുള്ള സമ്പന്നരായ ചെറുപ്പക്കാരെ അമേരിക്കയിലേക്ക് വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുന്നത് അമേരിക്കൻ വിപണിയുടെ ഉത്തേജനം കൂടി ലക്ഷ്യമിട്ടാണ്. ട്രംപ് പ്രസിഡൻ്റായിരുന്ന കാലത്ത് കുടിയേറ്റ നിലപാട് കടുപ്പിച്ചിരുന്നു. ഇത് മൂലം രാജ്യത്ത് നിയമപരമായി സ്ഥിരമായി താമസിച്ചിരുന്ന ഗ്രീൻ കാർഡ് അടക്കം വിസ കൈവശം വെക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരുന്നു.

ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിച്ചാണ് ട്രംപ് തൻ്റെ പ്രസിഡൻ്റ് അധികാരം ആരംഭിച്ചത്. എച്ച് 1 ബി വിസയെ അമേരിക്കൻ സമ്പത്തിൻ്റെ കൊള്ളയെന്നായിരുന്നു ട്രംപ് വിമർശിച്ചത്. തൻ്റെ അധികാര കാലം അവസാനത്തോട് അടുത്തപ്പോൾ കുടിയേറ്റ നയങ്ങളിൽ നിലപാട് അദ്ദേഹം കർശനമാക്കി. എല്ലാ കുടിയേറ്റങ്ങളും നിർത്തിവച്ച ട്രംപ് ക്ലാസുകളിൽ നേരിട്ട് പങ്കെടുക്കാത്ത വിദേശ വിദ്യാർത്ഥികളെ തിരികെ നാട്ടിലേക്ക് അയക്കാൻ ആവശ്യപ്പെട്ടിരുന്നു. 2020 ലെ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ എച്ച്1ബി വിസ പ്രോഗ്രാം നിയന്ത്രിക്കാൻ നടത്തിയ ട്രംപിൻ്റെ നീക്കവും വൻ വിവാദമായിരുന്നു.

Story Highlights : Trump promises green cards for foreign graduates matters India.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top