സത്യം പറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ടപ്പോഴും എന്റെ അഭയവും വീടുമായി; വയനാട്ടുകാര്‍ക്ക് രാഹുലിന്റെ വികാരനിര്‍ഭരമായ കത്ത്

പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഹൃദയനിര്‍ഭരമായ കത്തെഴുതി രാഹുല്‍ഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്പോള്‍ താന്‍ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തണച്ചുവെന്നും രാഹുല്‍ കത്തില്‍ എഴുതി. (Rahul Gandhi emotional letter to the people of wayanad)
അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങള്‍. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു എന്ന് വൈകാരികമായി രാഹുല്‍ എഴുതി. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള, അവന്റെ ആകുലതകള്‍ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസില്‍ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുവെന്ന് സൂചിപ്പിച്ച രാഹുല്‍ വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്‌നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓര്‍മിപ്പിക്കുന്നു. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കഴിഞ്ഞത് ചാരിതാര്‍ഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതില്‍ അഗാധമായ ഹൃദയ വേദനയുണ്ടെന്നും സൂചിപ്പിക്കുന്ന രാഹുല്‍ ഗാന്ധി ഇനി വയനാടിനെ പ്രതിനിധീകരിക്കാന്‍ സഹോദരി പ്രിയങ്കയുണ്ടാകുമെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തന്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു മാതാവിനെ പോലെ ചേര്‍ത്തണച്ച വയനാടിനൊടൊപ്പം എന്നും താന്‍ കൂടെയുണ്ടാകുമെന്ന വാക്ക് നല്‍കുന്നുവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്നും മത്സരിച്ചു ജയിച്ച രാഹുല്‍ വയനാട് ലോക്സാഭാഗത്വം ഒഴിയാനും റായ്ബറെലി നിലനിര്‍ത്തുവാനും തീരുമാനിച്ചിരുന്നു. ഒഴിവിലേക്ക് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ വയനാടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം എ. ഐ. സി. സി. പ്രസിഡന്റ് മല്ലികാര്‍ജജുന്‍ ഖര്‍ഗെ പ്രഖ്യാപിച്ചിരുന്നു.
Story Highlights : Rahul Gandhi emotional letter to the people of wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here