അയോധ്യ ക്ഷേത്രത്തിൽ ചോർച്ച; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്

ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടന്ന അയോധ്യ രാമ ക്ഷേത്രത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ചോർച്ചയുണ്ടായതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിലുൾപ്പടെ ആദ്യമഴയിൽ തന്നെ ചോർച്ചയുണ്ടയതായി അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുകളിൽ നിന്ന് വെള്ളമൊഴുകിപ്പോകുന്നതിന് കൃത്യമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഇല്ലാത്തതാണ് ചോർച്ചയ്ക്ക് കാരണമെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആരോപിച്ചു. നിരവധി എഞ്ചിനീയർമാരുണ്ടായിട്ടും കാര്യമൊന്നുമുണ്ടായില്ല. മഴ തുടർന്നാൽ ദർശനം തടസ്സപ്പെടുമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പ്രസ്താവന പുറത്തിറക്കി. ഗുരുമണ്ഡപം തുറന്നുകിടക്കുന്ന രീതിയിലാണ് ക്ഷേത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ഒന്നാം ഇലക്ട്രിക്കൽ വർക്കുകളും മറ്റ് ചില നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അതിനാൽ അവിടെ നിന്നും മഴവെള്ളം വീണിട്ടുണ്ട്. ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ശ്രീകോവിലിൽ ഡ്രെയിനേജ് ഇല്ല. തുറന്നുകിടക്കുന്ന മണ്ഡപങ്ങളിലേക്ക് ചിലപ്പോൾ മഴവെള്ളം വീഴാം. എന്നാൽ നഗർ ആർക്കിടെക്ചർ രീതി പ്രകാരം ഇത് തുറന്നു തന്നെയിടാനാണ് തീരുമാനം. അല്ലാതെ ക്ഷേത്രത്തിൻ്റെ രൂപകൽപനയിലോ, നിർമ്മാണത്തിലോ പാളിച്ചകൾ വന്നിട്ടില്ലെന്ന് നൃപേന്ദ്ര മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read Also: ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ് അംഗങ്ങൾ; കേരളത്തിലെ 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
2024 ജനുവരി 22നായിരുന്നു അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പങ്കെടുത്തത്. അയോധ്യ രാമക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാകുന്നതിന് മുമ്പേ പ്രാണപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്ന് ആരോപണമുയർന്നിരുന്നു. ആചാര്യ സത്യേന്ദ്ര ദാസിൻ്റെ ആരോപണത്തോടെ രാമക്ഷേത്ര നിർമ്മാണത്തിൽ അഴിമതി നടന്നെന്ന ചർച്ചയും സജീവമായി.
Story Highlights : Ayodhya Ram Mandir’s chief priest, Acharya Satyendra Das, has claimed that roof of the temple has started leaking after rain.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here