‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞു.
വിഷയം സബ്മിഷനായി പരിഗണിക്കാമെന്നാണ് സ്പീക്കർ പറഞ്ഞതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന് മാത്രമാണ് വ്യക്തമാക്കിയത്. ടി പി കേസ് പ്രതികൾക്കു മാത്രമായി ശിക്ഷായിളവ് നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം. സ്പീക്കറുടെ തീരുമാനത്തിൽ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
കെ.കെ രമ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിരുന്നു.
Story Highlights : Speaker AN Shamseer office with Explanation in urgent resolution motion controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here