Advertisement

ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരന്‍ സജികുമാര്‍ തന്നെ; കൃത്യത്തിനുശേഷം സജി ദീപുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഓടിനടന്ന് മേല്‍നോട്ടം വഹിച്ചു

June 28, 2024
Google News 2 minutes Read
saji kumar killed quarry owner deepu says police

കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് പൊലീസ്. ആസൂത്രണം തുടങ്ങിയത് രണ്ട് മാസം മുമ്പാണ്. കൊലയ്ക്ക് ശേഷം സജി ആദ്യം പോയത് മരിച്ച ദീപുവിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെന്നും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പൂവാര്‍ സ്വദേശി പ്രദീപ് കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. (saji kumar killed quarry owner deepu says police)

കസ്റ്റഡിയിലുള്ള പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളുടെ ഡീലര്‍ പാറശ്ശാല സ്വദേശി സുനില്‍ നല്‍കിയ ക്വട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായിരുന്ന സജി കുമാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആസൂത്രണം നടത്തിയത് സജി ഒറ്റയ്‌ക്കെന്നാണ് കസ്റ്റഡിയിലുള്ള പ്രദീപ് നല്‍കിയ മൊഴി. രണ്ട് മാസം മുന്നെ ദീപുവിനെ കൊലപ്പെടുത്താന്‍ സജി ആലോചിച്ചിരുന്നു. സുനിലിനോട് ഇക്കാര്യം മദ്യപ സദസ്സില്‍ പറയുകയും ചെയ്തു. ആദ്യം തമാശയെന്നാണ് കരുതിയത്. പിന്നീട് കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ജിക്കല്‍ ബ്ലേഡും, ക്ലോറോഫോം അടക്കമുള്ള സാധനങ്ങള്‍ വേണമെന്ന് സജിയാണ് സുനിലിനോട് ആവശ്യപ്പെട്ടത്. ദീപു പണവുമായി ജെസിബി വാങ്ങാന്‍ പോകുന്ന ദിവസം സജിയെ അമരവിളയില്‍ എത്തിച്ചും സുനിലും പ്രദീപ് ചന്ദ്രനും ചേര്‍ന്നാണ് . ഈ യാത്രക്കിടയില്‍ വച്ചാണ് ആരെ കൊലപ്പെടുത്താന്‍ പോകുന്നെന്ന വിവരം പറഞ്ഞത്.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കൃത്യം നടത്തിയ ശേഷം സജി മലയത്തെ വീട്ടിലെത്തി. അവിടുന്ന് പോയത് മരിച്ച ദീപുവിന്റെ വീട്ടിലേക്കാണ്. ദീപുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയും, കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം തന്റെ നേര്‍ക്ക് തിരിയുന്നത് മനസ്സിലാക്കിയാണ് സജി മുങ്ങിയത്. നേരത്തെ സജിയുടെ വീട്ടില്‍ നിന്നും പൊലീസ് ഏഴര ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ബാക്കി പണം എവിടെയെന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സുനിലിനായും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ സുനിലുമായി അടുപ്പമുള്ള ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയില്‍ സര്‍വീസ് സ്റ്റേഷന്‍ നടത്തുന്ന മണികണ്ഠനെയാണ് തമിഴ്‌നാട് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്.

Story Highlights : saji kumar killed quarry owner deepu says police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here