തിരുവല്ല നഗരസഭയിലെ ജീവനക്കാർ റീൽ ചെയ്തത് അവധി ദിനത്തിൽ; ശിക്ഷാനടപടി ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്

തിരുവല്ല നഗരസഭയിൽ ജീവനക്കാർ റീൽ ചെയ്ത സംഭവത്തിൽ ശിക്ഷാനടപടി ഇല്ലെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ജീവനക്കാർ റീൽ ചെയ്തത് അവധി ദിനത്തിലാണെന്നും ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചതെന്ന് മനസ്സിലായെന്നും മന്ത്രി പറഞ്ഞു. ആവശ്യഘട്ടങ്ങളിൽ സേവന സജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്ക് എത്തുന്ന ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് എന്ന് മനസിലായതായി മന്ത്രി എംബി രാജേഷ് പറഞ്ഞു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Read Also: പണം മടക്കി നൽകി; ഡിജിപി ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി
ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. റവന്യു വിഭാഗത്തിലെ രണ്ട് വനിതകള്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ക്കായിരുന്നു നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
Story Highlights : No Action will taken against thiruvalla municipality staffs who shot reel in office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here