Advertisement

കങ്കണയുടെ മുഖത്തടിച്ച കുൽവീന്ദർ കൗറിന് ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റം

July 4, 2024
Google News 2 minutes Read
CISF Constable Kulwinder Kaur Suspended, Arrested For Slapping Kangana Ranaut

ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് എംപിയും സിനിമാതാരവുമായ കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി. ബംഗളൂരുവിലെ സിഐഎസ്എഫ് റിസർവ് ബറ്റാലിയനിലേക്ക് ട്രാൻസഫർ ചെയ്തെങ്കിലും കുൽവീന്ദർ സസ്പെൻഷനിൽ തുടരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു വിജയിച്ച കങ്കണ ഡൽഹിയിലേക്ക് പോകാനായി ജൂൺ ആറിന് ഷഹീദ് ഭഗത് സിങ് എയർപോർട്ടിലെത്തിയപ്പോഴായിരുന്നു കുൽവീന്ദർ കൗർ മുഖത്തടിച്ചത്.എന്നാൽ വാർത്തകൾക്ക് തൊട്ടുപിന്നാലെ കുൽവിന്ദർ ഇപ്പോഴും സസ്പെൻഷനിൽ ആണെന്നും അവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും സിഐഎസ്എഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കർഷകരോട് അനാദരവ് കാണിച്ചെന്നും തൻ്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെ അപമാനിച്ചെന്നും ഇതിനാലാണ് കങ്കണയെ മർദ്ദിച്ചതെന്നും പിന്നീട് കുൽവീന്ദർ കൗർ വ്യക്തമാക്കിയിരുന്നു. 2020-21ൽ നൂറു രൂപ കൂലി വാങ്ങിയാണ് സ്ത്രീകൾ കർഷകസമരത്തിൽ പങ്കെടുക്കുന്നതെന്ന കങ്കണയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നായിരുന്നു കുൽവീന്ദറിൻ്റെ വാദം.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുൽവീന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.ഐപിസി 323, 341 വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്ത് കുൽവീന്ദറിനെ അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിൽ ഭീകരത വളരുകയാണെന്നും പഞ്ചാബിൽ വർധിച്ചുവരുന്ന ഭീകരവാദത്തിലും തീവ്രവാദത്തിലും ആശങ്കയുണ്ടെന്നുമായിരുന്നു അടിയെക്കുറിച്ച് കങ്കണ പ്രതികരിച്ചത്. ഇതും വലിയ വിവാദമായി.

Story Highlights : It was reported that Kulwinder Kaur was transferred and reinstated in Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here