സിംബാബ്‌വെയോട് തോറ്റ് ഇന്ത്യൻ യുവനിര; തോല്‍വി 13 റണ്‍സിന്

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി.
ലോകകപ്പ് കഴിഞ്ഞെത്തിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നതിനാല്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവസംഘത്തെയാണ് ഇന്ത്യ അയച്ചിരുന്നത്. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെന്‍ഡായ് ചതാരയുമാണ് ഇന്ത്യയെ തകര്‍ത്തത്.
അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. അതേസമയം രവി ബിഷ്‌ണോയ് ഇന്ത്യക്കായി നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന്‍ (16) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (7), റിങ്കു സിങ് (0), രവി ബിഷ്‌ണോയ് (9) എന്നിവരെല്ലാം നിറംമങ്ങി.
തകര്‍ച്ചയോടെയായിരുന്നു സിംബാബ്വെയുടെ തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഇന്നസെന്റ് കൈയയെ (0) മടക്കി മുകേഷ് കുമാര്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ തകര്‍പ്പനടി നടത്തിയ ബെന്നറ്റിനെ ബിഷ്ണോയ്യും മടക്കി. ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ് (23 റണ്‍സ് വീതം), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ (17) എന്നിവര്‍ രണ്ടക്കം കടന്നു.
Story Highlights : Zimbabwe beat India by 13 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here