കാമറൂൺ മുതൽ സ്റ്റാർമർ വരെ; പ്രധാനമന്ത്രിമാർ മാറി മാറി വരും, പക്ഷെ ലാറി തുടരും; ആറാമത്തെ പ്രധാനമന്ത്രിക്കും ലാറി പൂച്ച തന്നെ കാവൽ

ഡൗണിങ് സ്ട്രീറ്റ് – ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതി. ഋഷി സുനകിൻ്റെ പടിയിറക്കത്തിനും കെയ്ർ സ്റ്റാർമറുടെ പടികയറ്റത്തിനും സാക്ഷ്യമാകുന്ന ഇവിടെ മാറ്റമില്ലാത്ത അധികാര കസേരയിൽ തുടരുന്ന ഒരാളുണ്ട്. ലാറി. ഡൗണിങ് സ്ട്രീറ്റിൻ്റെ മുഖ്യ കാവലാളായ ലാറി പൂച്ച, ആറ് പ്രധാനമന്ത്രിമാരുടെ സ്ഥാനമാറ്റത്തിനിടയിലും മാറ്റമില്ലാതെ തൻ്റെ അധികാരം കൈയ്യാളുന്നുണ്ട്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർക്ക് ഒപ്പം ഡോണിങ് സ്ട്രീറ്റിൽ കഴിഞ്ഞ ഈ പൂച്ച കെയ്ർ സ്റ്റാർമർക്കൊപ്പവും തുടരും.
പതിനാല് വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം കുറിച്ചാണ് രാജ്യത്ത് ലേബർ പാർട്ടി വീണ്ടും അധികാരം പിടിച്ചത്. എന്നാൽ 1885 ന് ശേഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മുഖ്യധാര രാഷ്ട്രീയത്തോട് ജനത്തിനുള്ള താത്പര്യം കുറയുന്നതാണ് തെരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ ഒരു അഭിപ്രായ സർവേയിലെ ഉത്തരവും ഇതിന് തെളിവായി ഉയർത്തിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേർ കെയ്ർ സ്റ്റാർമറെയും 22 ശതമാനം പേർ റിഷി സുനകിനെയും പിന്തുണച്ച സർവേയിൽ 44 ശതമാനം പേർ അഭിപ്രായപ്പെട്ടത് ലാറി പൂച്ച പ്രധാനമന്ത്രിയാകണം എന്നായിരുന്നു.
Read Also: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിച്ച് പുടിൻ
തെരുവിൽ എലികളെ തിന്ന് ജീവിച്ച വെറുമൊരു പൂച്ചയിൽ നിന്ന് ലോകമറിയുന്ന ലാറി പൂച്ചയായുള്ള വളർച്ചയ്ക്ക് 13 വർഷത്തെ പ്രായമേയുള്ളൂ. 2011 ലാണ് നമ്പർ 10 സ്ട്രീറ്റിലെ ഒരു ജീവനക്കാരൻ പൂച്ചയെ ദത്തെടുത്തത്. പാറ്റ, എലി, പുഴുക്കൾ തുടങ്ങിയവയുടെ ശല്യം പൊറുതിമുട്ടിയതോടെയായിരുന്നു ഇത്. അന്ന് തൊട്ട് പ്രധാനമന്ത്രിയുടെ വീട്ടിലെ മുഖ്യ എലിപിടുത്തമായി ലാറിയുടെ ജോലി. എന്നാൽ പ്രിവിലേജിൻ്റെ കൊടുമുടിയിലെത്തിയ ലാറി പക്ഷെ സ്വന്തം ജോലിയിൽ മിടുമിടുക്കനായിരുന്നു. പരിചയമില്ലാത്ത സിവിൽ സർവൻ്റായാലും ശല്യക്കാരനായ എലിയായാലും കുറുക്കനായാലും ലാറിയുടെ ശൗര്യത്തിന് മുന്നിൽ തോറ്റു. പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന് എലിക്ക് നേരെ ഫോർക്ക് എറിയേണ്ടി വന്നെന്നാണ് പണ്ട് വന്ന വാർത്തകൾ. എന്നാൽ പിന്നീടൊന്നും അത്തരം സംഭവമുണ്ടായില്ല. ഡൗണിങ് സ്ട്രീറ്റിൽ രാഷ്ട്രീയക്കാറ്റ് മാറി മാറി വന്ന ഘട്ടത്തിലൊന്നും ലാറിയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. 13 വർഷ്തിനിടെ അഞ്ച് പ്രധാനമന്ത്രിമാർ ഡൗണിങ് സ്ട്രീറ്റിൽ വന്നുപോയി. പുതുതായി എത്തിയ കെയ്ർ സ്റ്റാർമറിനൊപ്പവും ലാറി തുടരും.
ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. 650 അംഗ പാർലമെന്റിൽ 412 സീറ്റുകൾ ലേബർ പാർട്ടി നേടി. 121 സീറ്റിൽ ഒതുങ്ങിയ ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. കൺസർവേറ്റിവ് പാർട്ടിയിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കം നേതാക്കൾ കൂട്ടത്തോടെ തോറ്റു. ഋഷി സുനകിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ പ്രശ്നവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും മുഖ്യ ചർച്ചാ വിഷയമായ തെരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന്റെ നയങ്ങളെ ജനം പാടെ തള്ളി. സർക്കാർ ഉണ്ടാക്കാനുള്ള ക്ഷണം ലഭിച്ചതോടെ തന്നെ കെയ്ർ സ്റ്റാർമറും ഭാര്യ വിക്ടോറിയയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയിരുന്നു. ചാൾസ് രാജാവിനെ കണ്ട ശേഷമാണ് സ്റ്റാര്‍മര്‍ തന്റെ ഔദ്യോഗിക ജോലികളിലേക്ക് കടന്നത്.
Story Highlights : Larry was adopted from the nearby Battersea Dogs & Cats Home.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here