സ്വർണലോക്കറ്റുകൾ അടങ്ങിയ നിധി ലഭിച്ച അതേയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി; ഇത്തവണ വെള്ളിയും മുത്തുകളും

കണ്ണൂർ ചെങ്ങളായി ശ്രീകണ്ഠാപുരത്ത് സ്വർണമെന്ന് സംശയിക്കുന്ന നാണയങ്ങൾ അടങ്ങിയ നിധി ലഭിച്ചതിന് പിന്നാലെ അതേസ്ഥലത്തെ കുഴിയിൽ നിന്നും ചില വെള്ളിസാധനങ്ങളും ലഭിച്ചതായി റിപ്പോർട്ട്. നേരത്തെ നിധി ലഭിച്ച അതേസ്ഥലത്തുനിന്ന് വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് മഴക്കുഴി നിർമാണത്തിനായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചത്. ബോംബാണെന്ന് വിചാരിച്ച് ആദ്യം കളയാൻ നോക്കിയെന്നും പിന്നീട് തങ്ങൾ തുറന്ന് നോക്കിയപ്പോൾ ഈ വസ്തുക്കൾ കണ്ടെന്നും തൊഴിലുറപ്പ് തൊഴിലാളികൾ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളിനാണയങ്ങൾ ചെളിപിടിച്ച രീതിയിലായിരുന്നെന്നും തങ്ങൾ കഴുകിയെടുത്തപ്പോഴാണ് അവ തിളങ്ങിവന്നതെന്നും അവർ കൂട്ടിച്ചേർത്തു. (silver treasure after gold treasure in Kannur)
റബ്ബർ തോട്ടത്തിൽ കുഴിയെടുത്തപ്പോഴാണ് 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധി ലഭിക്കുന്നത്. ഓട്ടുപാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ ഈ വിവരം പഞ്ചായത്തിൽ അറിയിക്കുകയും പഞ്ചായത്ത് ഈ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഓട്ടുപാത്രത്തിലുള്ളത് സ്വർണം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
പൊലീസ് ആഭരണങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതിയുടെ കൈവശമുള്ള ഈ വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താൻ പുരാവസ്തു വകുപ്പ് ശ്രമിച്ചുവരികയാണ്.
Story Highlights : silver treasure after gold treasure in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here