രാജ്യത്ത് ആഭ്യന്തര ഉൽപ്പാദനം ഏഴ് ശതമാനത്തിലധികം വളരും: പ്രതീക്ഷയേറ്റി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.5% നും ഏഴ് ശതമാനത്തിനും ഇടയിൽ വളരുമെന്ന് സാമ്പത്തിക സർവേ-2024 റിപ്പോർട്ട്. മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാര്‍ലമെൻ്റിൽ ധനമന്ത്രി നിര്‍മല സീതാരാമനാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വെച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിൽ രാജ്യത്തിന്റെ ജിഡിപി യഥാക്രമം ഏഴ്, 8.2 ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്കും 7 ശതമാനം വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും ഏഷ്യൻ വികസന ബാങ്കും വിലയിരുത്തുന്നുണ്ട്.
Read Also: Budget 2024: നിര്‍മല സീതാരാമൻ ആദായ നികുതി പരിഷ്‌കരിക്കുമോ? ഉയരുന്ന പ്രധാന ആവശ്യങ്ങൾ ഇവ
രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു സൂചന. 2021-22 ൽ 3.8 ശതമാനമായിരുന്ന വിലക്കയറ്റം 7.2 ശതമാനത്തിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ വളര്‍ന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെയാണ് ഇതിന് കാരണമായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ചില്ലറ വിലക്കയറ്റത്തിൻ്റെ തോത് 6.7 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായത് നേട്ടമായാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിര്‍മ്മാണ മേഖലയിലാണ് തൊഴിലവസരങ്ങൾ വര്‍ധിക്കുന്നത്. എന്നാൽ ജനസംഖ്യയിൽ 50 ശതമാനം പേരും തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരല്ല. നിര്‍മ്മാണ മേഖലയിൽ വലിയ വൈദഗ്ധ്യം ആവശ്യമില്ലാത്തതാണ് തൊഴിലുകൾ ലഭ്യമാകാൻ കാരണമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യം 2024-ൽ 124 ബില്യൺ ഡോളറായും 2025-ൽ 129 ബില്യൺ ഡോളറായും വര്‍ധിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ.
കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രഥമ പരിഗണനകൾ ഏതൊക്കെ മേഖലയിലാകണമെന്ന് ദിശാബോധം നൽകുന്നതാണ് റിപ്പോര്‍ട്ട്. പക്ഷെ അതേപടി ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പതിവില്ല.
Story Highlights : India’s GDP is likely to grow at 6.5 to 7% in the current fiscal year amid global challenges which may impact exports.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here