‘കേരളത്തിൽ എയിംസ് വരും, എയിംസ് പോലെയുള്ള പദ്ധതികൾ ബജറ്റില്‍ പ്രഖ്യാപിക്കാറില്ല’: കെ.സുരേന്ദ്രന്‍

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്.
കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ് ഈ ബഡ്ജറ്റിലുണ്ട്. വികസനത്തിന് സഹായിക്കുന്ന നിരവധി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിൽ ഉള്ളത്. നഗരങ്ങളിൽ ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കുന്നത് നിർമ്മാണ മേഖലയ്ക്കും കരുത്തുപകരും. ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ട്.
കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപ അനുവദിച്ചു. സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമത് വർദ്ധിപ്പിക്കാൻ നികുതി ഇളവ് നൽകും. എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന ബഡ്ജറ്റാണിത്. മധ്യവർഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന തരത്തിലുള്ള നികുതി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അടിസ്ഥാന വികസന മേഖലയിലും ഉത്പാദന മേഖലയിലും മുന്നേറ്റത്തിന് വേഗത കൂട്ടുന്ന ബഡ്ജറ്റാണിത്. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രധനമന്ത്രിക്ക് സാധിച്ചു. 4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധിക ശമ്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുമെന്നുറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran about Union Budget 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here