Advertisement

ലോറി അര്‍ജുന്റേത് തന്നെ, ലോറി തലകീഴായി കിടക്കുന്നു, നാളെ ലോറിയ്ക്കടുത്തെത്തും: കാര്‍വാര്‍ എസ്പി

July 24, 2024
Google News 3 minutes Read
karwar sp on shirur rescue operation to find Malayali lorry driver arjun

ഷിരൂരിലെ മണ്ണിടിച്ചില്‍ നടന്നയിടത്ത് ഗംഗാവലി പുഴയുടെ കരയ്ക്കും മണ്‍കൂനയ്ക്കും നടുവിലുണ്ടെന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാര്‍വാര്‍ എംഎല്‍ംഎയും കാര്‍വാര്‍ എസ്പിയും. ലോറി തലകീഴായാണ് കിടക്കുന്നതെന്നും നാളെ ലോറിയ്ക്കടുത്തേക്ക് എത്താന്‍ വഴി തേടുമെന്നും കാര്‍വാര്‍ എസ്പി ട്വന്റിഫോറിനോട് പറഞ്ഞു. ഷിരൂരില്‍ കനത്ത മഴയും പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ഉള്‍പ്പെടെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും രാത്രി 11 മണി വരെ അര്‍ജുനായുള്ള തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ അറിയിച്ചു. നാളെ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്നും നാളെ നിര്‍ണായകമായ വിവരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (karwar sp on shirur rescue operation to find Malayali lorry driver arjun)

നാളെ ദൗത്യസംഘം നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അതിന് തടസങ്ങള്‍ സൃഷ്ടിക്കരുതെന്ന് കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. ഓരോ മണിക്കൂറിലും ലഭിക്കുന്ന നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ഷിരൂര്‍ മേഖലയില്‍ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും തുടരുകയാണ്. വൃഷ്ടിപ്രദേശത്താകെ മഴയുണ്ട്. ഗംഗാവാലിയില്‍ കനത്ത കുത്തൊഴുക്കുണ്ട്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് നേവിസംഘം ബോട്ടിലെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലിറങ്ങാന്‍ സാധിക്കുന്നില്ല. അടിത്തട്ടില്‍ ഇറങ്ങി വാഹനം ലോക്ക് ചെയ്ത് പരിശോധിക്കണമെങ്കില്‍ മഴയ്ക്ക് നേരിയ ശമനമെങ്കിലും ഉണ്ടാകണമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

ഷിരൂരിലേക്ക് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയും, എം എല്‍ എയും നേവിയുടെ ബോട്ടില്‍ പുഴയിലേക്കിറങ്ങിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേര്‍ന്നാണ് സിഗ്‌നല്‍ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചില്‍ പുരോഗിക്കുകയാണ്. രണ്ട് സിഗ്‌നലുകള്‍ ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. സൈഡ് സ്‌കാന്‍ സോണാര്‍ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്‌നലുകള്‍ കണ്ടെത്തിയത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകള്‍ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

Story Highlights : karwar sp on shirur rescue operation to find Malayali lorry driver arjun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here