കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വിവിധ താലൂക്കുകളിലും അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ മൂന്ന് താലൂക്കുകളിലും കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
മലപ്പുറത്ത് നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. കോഴിക്കോട് കൂരാച്ചുണ്ട്,തിരുവമ്പാടി, കൂടരഞ്ഞി ,കോടഞ്ചേരി, കൊടിയത്തൂർ,കാരശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കാലവർഷം അതി രൂക്ഷമായി തുടരുന്നതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.
Read Also: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടതിന് ജയം; രണ്ട് സീറ്റിൽ ബിജെപിക്ക് ജയം
അതേസമയം ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
Story Highlights : Kerala Rains Holiday declared for educational institutions in Various places
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here