ദുരന്തഭൂമിയിലേക്ക് മായയും മർഫിയും; പൊലീസ് നായ്ക്കൾ ഉച്ചയോടെ എത്തും

വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്നത് പൊലീസ് നായ്ക്കളായ മായയും മർഫിയും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ടതാണ്.
ദുരന്തത്തിൽ ഇതുവരെ 44 പേരാണ് മരിച്ചത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ. അതുകൊണ്ട് തന്നെ പൊലീസ് നായ്ക്കളുടെ സഹായം വേണ്ടിവരും. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടാകാം. ഉച്ചയോടെ പൊലീസ് നായകളുമായി സംഘം എത്തുമെന്നാണ് വിവരം.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു.
കേണൽ നവിൻ ബെഞ്ജിത്, ലെഫ്റ്റനണ്ട് കേണൽ വിശ്വനാഥൻ, മേജർ- ഡോക്ടർ മനു അശോക്, കൂടാതെ 122 ഇൻഫെന്ററി ബറ്റാലിയൻ വെസ്റ്റ് ഹിൽ കോഴിക്കോട് ക്യാമ്പ് ലെ 50 ഓളം സൈനികർ വയനാട്ടിലേക്ക് ഉടൻ എത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ്ങ് പ്രായോഗികമാവില്ല എന്നാണ് വിലയിരുത്തൽ കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നായും വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളാർമല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.
Story Highlights : Wayanad Landslide Maya and Murphy Police dogs will arrive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here