Advertisement

ദുരന്തമുഖത്ത് വീണ്ടും രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി

August 2, 2024
Google News 1 minute Read

വയനാട് മുണ്ടക്കൈ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി സംസാരിച്ചു. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ, ബെയ്‌ലി പാലം കൂടി സജ്ജമായതോടെ ഇന്ന് ദുരന്തഭൂമിയിലേക്കും എത്തുകയായിരുന്നു.

ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത രാഹുൽഗാന്ധി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി പുനരധിവാസം ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തതിരുന്നു.

അതേസമയം മുണ്ടക്കൈ ദുരന്തമേഖലയിൽ നാലാം ദിനവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും മറ്റും തങ്ങളുടെ പ്രീയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ മനുഷ്യര്‍ കേരളത്തിന്റെയാകെ നോവാകുകയാണ്.

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അട്ടമല ആറന്‍മല പ്രദേശമാണ് ആദ്യ സോണ്‍. മുണ്ടക്കൈ സോണ്‍ രണ്ടും പുഞ്ചിരിമട്ടം സോണ്‍ മൂന്നുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയാണ് അഞ്ചാം സോണ്‍. ചൂരല്‍മല പുഴയുടെ അടിവാരത്തെ സോണ്‍ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരല്‍മലയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

Story Highlights : Rahul, Priyanka Gandhi visit landslide-hit site Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here