Advertisement

മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും; ക്യാമ്പുകളിൽ കഴിയുന്നവരെ കാണും

August 3, 2024
Google News 1 minute Read

ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. രക്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു- മോഹൻലാൽ പറഞ്ഞിരുന്നു.

”ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു.നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്,” മോഹൻലാലിന്റെ വാക്കുകൾ.

അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

Story Highlights : Actor Mohanlal visit Wayanad today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here