ഉരുള്‍പൊട്ടലിൽ 26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസംരക്ഷണ മേഖലയില്‍ 2.5 കോടിയുടെ നഷ്ടം
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.
ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്‍റെ അടിയന്തര രക്ഷാ പ്രവര്‍ത്തന സംഘം സന്ദര്‍ശിക്കുകയും 20 മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ചികിത്സയും നല്‍കുകയും ചെയ്തിരുന്നു.ഉരുള്‍ പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.
Story Highlights : wayanad landslide huge loss in animal husbandary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here