ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് മുസ്ലിം യുവാക്കൾ; സാമുദായിക സൗഹാർദ്ദത്തിന് ആഹ്വാനം ചെയ്‌ത് നേതാക്കൾ

ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സർക്കാര്‍ താഴെയിറങ്ങിയതിന് പിന്നാലെ ബംഗ്ലാദേശിൽ കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം ആളിപ്പടരുമ്പോഴും രാജ്യത്തിനകത്തുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ചെയ്തെന്ന റിപ്പോര്‍ട്ടുകളും ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്നുണ്ട്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കണമെന്നും ന്യൂനപക്ഷമായ ഹിന്ദു വിഭാഗങ്ങൾക്ക് നേരെയും ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നാണ് മുസ്ലിം പള്ളികൾ മുഖേന ആഹ്വാനം ചെയ്തിരിക്കുന്നത്. ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ നിരവധി ക്ഷേത്രങ്ങൾക്ക് മുസ്ലിം മതവിശ്വാസികൾ കാവലിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലെയും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലെയും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന മുസ്ലിം യുവാക്കളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചകാരിയയില്‍ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്‍റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെൺകുട്ടികൾ അടക്കമുള്ളവര്‍ കാവല്‍ സംഘത്തിലുണ്ടായിരുന്നു. സമരരംഗത്തുള്ള വിദ്യാർഥി സംഘടന ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ്‌സ് മൂവ്‌മെന്‍റാണ് സമാധാനം കാത്തുസൂക്ഷിക്കാന്‍ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികള്‍ വഴി ആഹ്വാനം മുഴക്കിയത്.
അതേസമയം ബംഗ്ലാദേശിൽ ഇടക്കാലസർക്കാരിനെ നയിക്കാനൊരുങ്ങുന്ന നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ധാക്കയിലെത്തി. പാരീസിൽനിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തിയത്.ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Muslim Youths Guard Hindu temples in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here