‘പിടിച്ച് അടി കൊടുക്കുകയാണ് വേണ്ടത് ‘; സൂപ്പർതാരങ്ങളുടെ പാൻ മസാല പരസ്യത്തിനെതിരെ മുകേഷ് ഖന്ന
പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവർക്കെതിരെ രൂക്ഷവിമർശനവുമായി ശക്തിമാൻ, മഹാഭാരതം തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർതാരങ്ങൾ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിനെ മുകേഷ് ഖന്ന രൂക്ഷമായി വിമർശിച്ചത്.
പാൻ മസാലയും ചൂതാട്ട ആപ്പുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽനിന്ന് താരങ്ങൾ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരെ പിടിച്ച് ചുട്ട അടി കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കരിയറിൽ ഒരിക്കൽപ്പോലും സിഗരറ്റിന്റെയോ പാൻ മസാലയുടേയോ പരസ്യത്തിൽ അഭിനയിക്കണമെന്നാവശ്യപ്പെട്ട് ആരും വന്നിട്ടില്ലെന്ന് താരം പറഞ്ഞു.
കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി മുടക്കുന്നത്. ഇതുവഴി എന്ത് സന്ദേശമാണ് ഇവരെല്ലാം നൽകുന്നതെന്ന് മുകേഷ് ഖന്ന ചോദിച്ചു. പാൻ മസാലയല്ല വിൽക്കുന്നതെന്ന് പറഞ്ഞാലും എന്താണ് യതാർത്ഥത്തിൽ ചെയ്യുന്നതെന്ന് അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് മോശമാണെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീത്തവിളിക്കുകപോലും ചെയ്തു. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ള അക്ഷയ് പോലും പാൻ മസാലയെ അനുകൂലിക്കുന്നു. അജയ് ദേവ്ഗണും ഇതേകാര്യം പറയുന്നു. ഷാരൂഖും ഇതേ വഴിതന്നെയാണ് വരുന്നത്.
ജനങ്ങൾ നിങ്ങളെയാണ് ശ്രദ്ധിക്കുന്നതെന്നും അനുകരിക്കാൻ ശ്രമിക്കുന്നതെന്നും താൻ സൂപ്പർ താരങ്ങളോടുപറയും. സൂപ്പർ സ്റ്റാറുകൾ ചെയ്യുന്നുണ്ടെങ്കിൽ തങ്ങൾക്കും ചെയ്യാമെന്ന് ജനങ്ങൾ കരുതും. അതുകൊണ്ട് പാൻ മസാലയുടേതുപോലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : Mukesh Khanna Urges Superstars To Stop Pan Masala Ads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here