‘ഹോം ബിസിനസ്’ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ; ഖത്തറിൽ വീട്ടിലിരുന്നും പണമുണ്ടാക്കാം
ഖത്തറിൽ വീടുകളിലിരുന്ന് ചെയ്യാവുന്ന സംരംഭങ്ങളുടെ ഗണത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയം കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയാണ് വിപുലീകരിച്ചത്. ഹോം പ്രോജക്‌ട് ലൈസൻസിന് (വീട്ടു സംരംഭം) കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾകൂടി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതോടെ ഈ ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി. നേരത്തേ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയിരുന്നത്.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുന്ന ‘ഹോം ബിസിനസ് ലൈസൻസി’ന് വാണിജ്യ മന്ത്രാലയം തുടക്കംകുറിച്ചത്. വിവിധയിനം നട്സുകൾ, തയ്യൽ, ബാഗുകൾ ഉൾപ്പെടെ തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കോപ്പി മെഷിനുകളുടെ അകറ്റുപ്പണി, കംപ്യുട്ടർ റിപ്പയറിങ്, സോഫ്റ്റ് വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, വസ്ത്ര വ്യാപാരം, പാദരക്ഷ വിൽപന, യാത്രാ സാധനസാമഗ്രികൾ വാടകക്ക് നൽകൽ, വിവർത്തനം സേവനങ്ങൾ, സുഗന്ധദ്രവ്യ വിൽപന, ആഭരണ ഡിസൈനിങ്, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ് തുടങ്ങിയവ പുതിയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
സേവന അപേക്ഷ ഫോം, പ്രോപ്പർട്ടി ഉടമയുടെയും ലൈസൻസ് ഉടമയുടെയും ഐ.ഡി കാർഡ്, മൈ അഡ്രസ് എന്നിവയാണ് വീട്ടുസംരംഭത്തിനുവേണ്ട പ്രധാന രേഖകൾ. ഏകജാലകം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അപേക്ഷ ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല. www.moci.gov.qa എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഇ-സർവിസസ് ടാബിലൂടെയാണ് ഏക ജാലക പോർട്ടലിൽ എത്തേണ്ടത്.ഭാവിയിൽ വാണിജ്യ ഔട്ട്‌ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ശേഷിയിലേക്ക് ഇത് നയിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Story Highlights : More sections on the ‘Home Business’ list in Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here