‘പരിശോധന നടത്തും; സാമ്പിൾ ശേഖരിക്കും; അപകട സാധ്യത മേഖല കണ്ടെത്തണം’; ദുരന്തഭൂമിയിൽ വിദഗ്ധ സംഘം
വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് എത്തിയത്. മൂന്ന് ദിവസം ദുരന്ത മേഖലയിൽ പരിശോധന നടത്തും.
വിദഗ്ധ സംഘം അപകട സാധ്യത വിലയിരുത്തും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ദുരന്തഭൂമിയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. സുരക്ഷിതമായ ഇടം അല്ലാത്ത ഇടം എന്നിവ കണ്ടെത്തും. ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം മുതൽ താഴെ തലം വരെ പരിശോധിക്കുമെന്ന് ജോൺ മത്തായി വ്യക്തമാക്കി.
ദുരന്തം എങ്ങനെയാവാം നടന്നതെന്ന് പരിശോധിക്കുമെന്നും അനുവധിക്കപ്പെട്ട സമയത്തിന് മുൻമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുമെന്നും ജോൺ മത്തായി പറഞ്ഞു. സംസ്ഥാന സർക്കാർ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമ്മിക്കുന്ന സ്ഥലവും സന്ദർശിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. വിശദമായ പരിശോധന നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഉരുൾപൊട്ടൽ മേഖലയിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചിൽ. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ സംഘങ്ങളായി തെരച്ചിൽ നടത്തും. ചാലിയാറിൻ്റെ ഇരുകരകളിലുമായി താഴെ പൂക്കോട്ടു മണ്ണകടവ് വരെയും തെരച്ചിൽ നടത്തും.
Story Highlights : Expert team at Wayanad landslide affected areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here